അമ്മയുടെ അശ്രദ്ധമൂലം കുഞ്ഞ് കാറിനുള്ളില്‍ ചൂടേറ്റു മരിച്ചു
Friday, May 13, 2016 4:23 AM IST
മാഡിസണ്‍ കൌണ്ടി (മിസിസിപ്പി): മാതാവിന്റെ അശ്രദ്ധ മൂലം പകല്‍ മുഴുവന്‍ എസ്യുവിയുടെ ബാക്ക് സീറ്റില്‍ ബെല്‍റ്റിട്ട നിലയില്‍ കഴിയേണ്ടി വന്ന കുട്ടി സൂര്യാഘാതം മൂലം മരിച്ചു.

മേയ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചകഴിഞ്ഞു മൂന്നിനു രണ്ടു വയസുകാരി മകളെ ഫൂട്ട്പ്രിന്റ് ലേണിംഗ് സെന്ററില്‍നിന്നു വീട്ടിലേക്കു കൊണ്ടുപോകുവാനായി മാതാവ് എത്തിയപ്പോള്‍, കുട്ടിയെ രാവിലെ കൊണ്ടു വന്നിട്ടില്ല എന്നായിരുന്നു അധ്യാപികയുടെ മറുപടി.

മാതാവ് ഉടന്‍തന്നെ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവിയുടെ സമീപത്തേക്ക് പാഞ്ഞു. പുറകില്‍ നോക്കിയപ്പോള്‍ സീറ്റില്‍ ചലനരഹിതമായ മകളുടെ ശരീരമാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു.

രാവിലെ ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ ലേണിംഗ് സെന്ററില്‍ ഇറക്കേണ്ടതായിരുന്നു. പക്ഷേ അശ്രദ്ധമൂലം മാതാവ് ജോലി സ്ഥലത്തേക്കാണ് നേരെ എത്തിയത്. വാഹനം പാര്‍ക്ക് ചെയ്തു ജോലിയില്‍ പ്രവേശിച്ചു. മൂന്നുമണിക്ക് ജോലിയില്‍ നിന്നും ഇറങ്ങി ലേണിംഗ് സെന്ററില്‍ എത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് പറ്റിയ തെറ്റ് മനസിലായത്.

മാതാവിനേയും പിതാവിനേയും പോലീസ് സംഭവ സ്ഥലത്തുതന്നെ ചോദ്യം ചെയ്തു. അന്വേഷണം തുടരുമെന്നു പോലീസ് പറഞ്ഞു. ഇത്തരം അപകട മരണങ്ങള്‍ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്.

ചില മിനിറ്റുകള്‍ കാറിനകത്ത് എസിയില്ലാതെ കനത്ത ചൂടില്‍ കഴിഞ്ഞാല്‍ കുട്ടികളുടെ മരണം സുനിശ്ചിതമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍