ഇന്ത്യക്കാരനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ കേസ് അവസാനിപ്പിച്ചു
Saturday, May 14, 2016 5:35 AM IST
അലബാമ: മകനെ സന്ദര്‍ശിക്കുന്നതിനായി ഇവിടെ എത്തിയ ഗുജറാത്ത് സ്വദേശിയായ സുരേഷ് ബായ് പട്ടേലിനെ അകാരണമായി കസ്റഡിയിലെടുക്കുകയും മൃഗീയമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ് കോടതി അവസാനിപ്പിച്ചു.

2015 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടക്കാനിറങ്ങിയ സുരേഷ് ബായ് പട്ടേലിനെ ആരോ നല്‍കിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കസ്റഡിയില്‍ എടുക്കുകയും ഭാഷാ അറിയാത്തതിനാലും ചോദ്യം ചെയ്തപ്പോള്‍ കൈകള്‍ പാന്റിന്റെ പോക്കറ്റിലേയ്ക്ക് കൊണ്ടുപോയതിലും പ്രകോപിതരായ പോലീസ്, അദ്ദേഹത്തെ ബലമായി നിലത്തേയ്ക്ക് മലര്‍ത്തിയടിച്ചു നട്ടെല്ലിനും കഴുത്തിനും ക്ഷതമേല്പിച്ചിരുന്നു. അരയ്ക്കു താഴെ തളര്‍ച്ച ബാധിച്ച സൂരേഷ് ബായ് ഇപ്പോഴും ചികിത്സയിലാണ്. എറിക് പാര്‍ക്കര്‍ എന്ന പോലീസുകാരനായിരുന്നു കേസിലെ പ്രതി.

സ്വയം രക്ഷാര്‍ഥമാണ് പോലീസ് പ്രവര്‍ത്തിച്ചതെന്ന് കേസിന്റെ ആരംഭത്തില്‍ തന്നെ പ്രതിഭാഗം വാഴിച്ചിരുന്നു. രണ്ടും മൂന്നും തവണ കേസ് മാറ്റിവയ്ക്കേണ്ടിവന്നു. ഒടുവില്‍ ഇന്നലെ കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു

പട്ടേലിന്റെ കുടുംബാംഗങ്ങള്‍ പ്രതിക്കെതിരെ നഷ്ടപരിഹാരത്തിനു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസിലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പട്ടേലിന്റെ മകനും കുടുംബാംഗങ്ങളും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍