ഡോ. അനുപം റേയ്ക്ക് സ്വീകരണം നല്‍കി
Saturday, May 14, 2016 5:40 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി ഹൂസ്റണില്‍ ചുമതലയേറ്റ ഡോ. അനുപം റേയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൌണ്‍സില്‍ (കഅഎഇ) സ്വീകരണം നല്‍കി.

മേയ് 13നു നടന്ന സ്വീകരണ യോഗത്തില്‍ ഐഎഎഫ്സി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ അധ്യക്ഷത വഹിച്ചു. മാതൃരാജ്യമായ ഇന്ത്യയുടെ പുരോഗതിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വഹിക്കുന്ന പങ്കിനെകുറിച്ചും പ്രദേശിക തലത്തില്‍ നടത്തുന്ന സേവനങ്ങളെകുറിച്ചും അധ്യക്ഷ പ്രസംഗത്തില്‍ പ്രസാദ് തോട്ടക്കൂറ ചൂണ്ടിക്കാട്ടി.

ഡാളസ് ഫോര്‍ട്ട്വര്‍ത്ത് ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി നിര്‍മിച്ച മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ളാസ സന്ദര്‍ശിക്കുന്നതിന് അനുപം റെയെ, എംജിഎംഎന്‍ടി ചെയര്‍മാന്‍ കൂടിയായ ഡോ. പ്രസാദ് ക്ഷണിച്ചു.

ഗാന്ധി മെമ്മോറിയല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനുളള ക്ഷണം സ്വീകരിച്ച കോണ്‍സുല്‍ ജനറല്‍, പ്രവാസി സമൂഹം ഇന്ത്യന്‍ സമ്പദ് ഘടനയുടെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു. 1994 ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരുന്നതിനു മുമ്പ് ന്യുറോ സര്‍ജറി റസിഡന്റായിരുന്ന അനുപം ബംഗ്ളാദേശ്, ശ്രീലങ്ക, ന്യുയോര്‍ക്ക്, യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇംഗ്ളീഷ്, ജര്‍മന്‍, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന റേയുടെ സേവനം ഹൂസ്റണ്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നതായി നേതാക്കള്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് ടയ്ബ് കുണ്ടന്‍വാല, റാവു കല്‍വേല, റാണ ജനി, മുരളി തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍