അരങ്ങിലെ വിസ്മയമായി 'നമ്മ ഖസാക്ക് '
Saturday, May 14, 2016 5:44 AM IST
ബംഗളൂരു: കലാസ്വാദനത്തിന് പുത്തനുണര്‍വ് പകര്‍ന്ന് 'നമ്മ ഖസാക്ക്' നാടകം ബംഗളൂരുവില്‍ അരങ്ങേറി. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരം ആദ്യമായാണ് കേരളത്തിനു പുറത്ത് അരങ്ങേറുന്നത്. ക്രൈസ്റ് സ്കൂള്‍ മൈതാനത്ത് വെള്ളിയാഴ്ചയാണ് ആദ്യമായി നാടകം അവതരിപ്പിച്ചത്. മൂന്നു ദിവസം നാടകം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അവസാന ദിവസമായ ഇന്ന് വൈകുന്നേരം ഏഴിനു നാടകം അവതരിപ്പിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്ന നാടകം ദീപന്‍ ശിവരാമനാണ് അണിയിച്ചൊരുക്കുന്നത്. നാടകത്തിന്റെ ദൈര്‍ഘ്യം 205 മിനിറ്റാണ്. ഇംഗ്ളീഷ് സബ്ടൈറ്റിലും നാടകത്തിന് ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ മൂന്നിടത്തായി നേരത്തെ നാടകം അവതരിപ്പിച്ചിരുന്നു. പാലക്കാട് എന്‍എസ്എസ് കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ നെകാബിന്റെയും നാടകസംഘമായ ബ്ളൂ ഓഷ്യന്‍ തിയറ്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നാടകം ബംഗളൂരുവില്‍ എത്തിച്ചത്. നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ, സംവിധായകന്‍ വി.കെ. പ്രകാശ്, നടി പത്മപ്രിയ എന്നിവരാണ് ബ്ളൂ ഓഷ്യന്‍ തിയറ്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍.സംവിധായകന്‍ ഗിരീഷ് കാസറവള്ളി, ബാലന്‍ നമ്പ്യാര്‍, യൂസഫ് അറയ്ക്കല്‍, രാജന്‍ ഗുരുക്കള്‍, അനിത നായര്‍, എന്‍.എ. ഹാരിസ് എന്നിവരാണ് നാടകാവതരണ സംഘത്തിന്റെ രക്ഷാധികാരികള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും സര്‍ക്കാര്‍ സ്കൂളുകളിലെ ദരിദ്ര വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായുള്ള ധനസമാഹരണമാണ് ലക്ഷ്യം. നാടകത്തിന്റെ ടിക്കറ്റുകള്‍ ംംം. ിമാാമസവമമെസ.ശി എന്ന വെബ്സൈറ്റില്‍ നിന്ന് ബുക്ക് ചെയ്യാം. പ്രദര്‍ശന വേദിയില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9249885555, 9986025767.