മുഖ്യമന്ത്രിപദം: മിഥ്യാബോധം വേണ്െടന്ന് യെദ്യൂരപ്പയോട് സിദ്ധരാമയ്യ
Tuesday, May 17, 2016 5:55 AM IST
ബംഗളൂരു: വീണ്ടും മുഖ്യമന്ത്രിയാകാമെന്ന് ആഗ്രഹിക്കുന്ന ബിജെപി സംസ്ഥാനാധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ മിഥ്യാബോധത്തിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യയായിരിക്കും കര്‍ണാടകയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന യെദ്യൂരപ്പയുടെ പരാമര്‍ശത്തിനു മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ. 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ജനങ്ങള്‍ യെദ്യൂരപ്പയെ ഒരിക്കല്‍ക്കൂടി അനുഗ്രഹിക്കില്ലെന്നും തന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ അടുത്ത തവണയും ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

സിദ്ധരാമയ്യയുടെ മൂന്നു വര്‍ഷത്തെ ഭരണം ജനങ്ങളെ ദുരിതത്തിലേക്കു തള്ളിയിട്ടെന്നു യെദ്യൂരപ്പ ആരോപിച്ചിരുന്നു. മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട് താനായിരിക്കും സംസ്ഥാനത്തെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ ഉറപ്പിക്കുകയാണ് ചെയ്തതെന്നും യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍, അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന യെദ്യൂരപ്പയ്ക്ക് തന്നെ വിമര്‍ശിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.