ഇമലയാളിയുടെ സാഹിത്യപുരസ്കാരങ്ങള്‍ വിതരണം ചെയ്തു
Tuesday, May 17, 2016 6:18 AM IST
ന്യൂയോര്‍ക്ക്: എഴുത്തുകാരും സാഹിത്യാസ്വാദകരും നിറഞ്ഞു നിന്ന സദസില്‍ ഇമലയാളിയുടെ പ്രഥമ സാഹിത്യ പുരസ്കാരങ്ങള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍, അംബാസഡര്‍ റിവ ഗാംഗുലി ദാസ് സമ്മാനിച്ചു.

ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ പതിനേഴു വര്‍ഷം പിന്നിടുന്ന അമേരിക്കന്‍ മലയാളികളുടെ ദിനപത്രമായ ഇ-മലയാളിയുടെ അംഗീകാര ഫലകം ഡോ. എ.കെ.ബി പിള്ള (സമഗ്രസംഭാവന), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്‍), സരോജ വര്‍ഗീസ് (സഞ്ചാരക്കുറിപ്പുകള്‍) എന്നിവരും സാഹിത്യരംഗത്തിനും മാധ്യമരംഗത്തിനും നല്‍കിയ സംഭാവനകള്‍ക്കു പ്രിന്‍സ് മാര്‍ക്കോസും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു ലീല മാരേട്ടും കോണ്‍സുല്‍ ജനറലില്‍നിന്ന് ഏറ്റുവാങ്ങി.

കഴിഞ്ഞവര്‍ഷം ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച മികച്ച കവിതക്കുള്ള പുരസ്കാരം ലഭിച്ച തമ്പി ആന്റണിയുടെ അവാര്‍ഡ് ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡില്‍നിന്ന് എഡിസണ്‍ ഏബ്രഹാം ഏറ്റുവാങ്ങി.

പ്രവാസി സാഹിത്യസമ്മാനം നേടിയ ബ്രിട്ടണില്‍നിന്നുള്ള എഴുത്തുകാരനായ കാരൂര്‍ സോമനുള്ള അവാര്‍ഡ് ഐഎന്‍ഒസി ചെയര്‍ ജോര്‍ജ് ഏബ്രഹാമില്‍നിന്നു മാത്യു ടി. മാത്യു സ്വീകരിച്ചു.

വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയ ജി. പുത്തന്‍കുരിശിനുവേണ്ടി ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെയില്‍നിന്ന് ജോസ് ഏബ്രഹാം ഫലകം ഏറ്റുവാങ്ങി. കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ലൈല അലക്സിനുള്ള അവാര്‍ഡ് നീന പനയ്ക്കല്‍ സ്വീകരിച്ചു.

ലേഖനത്തിനുള്ള പനമ്പില്‍ ദിവാകരന്‍ അവാര്‍ഡ് എകെഎംജി ന്യൂയോര്‍ക്ക് പ്രസിഡന്റ് ഡോ. തോമസ് മാത്യുവില്‍നിന്നു വിചാരവേദി അധ്യക്ഷന്‍ സാംസി കൊടുമണ്‍ സ്വീകരിച്ചു.

ജന്മനാടിനും മാതൃഭാഷയ്ക്കും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം നല്കുന്ന പ്രധാന്യം തന്നെ അദ്ഭുതപ്പെടുന്നുവെന്നു കോണ്‍സുല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് പറഞ്ഞു. മലയാളം തനിക്ക് അറിയില്ലെങ്കിലും ഈ സദസിലുള്ളവരൊക്കെ മലയാള ഭാഷയോടുള്ള സ്നേഹംകൊണ്ടാണ് ഇവിടെ എത്തിയതെന്നു തനിക്ക് ബോധ്യമുണ്ട്. ഇന്ത്യാ യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനു അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സേവനങ്ങളും അവര്‍ അനുസ്മരിച്ചു.

മുഖ്യ പ്രഭാഷണം നടത്തിയ ഡോ. എം.വി. പിള്ള സാദാ മരുന്നായ ഡ്രഗ്സിനു പേരുദോഷം വന്നപോലെ അവാര്‍ഡുകള്‍ക്കും അപചയം സംഭവിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടി. അവാര്‍ഡും ഡ്രഗ്സുമൊക്കെ ജനം നീരസത്തോടെ നോക്കുന്ന വര്‍ത്തമാന കാലത്ത് അവാര്‍ഡിനു പകരം സാഹിത്യസമ്മാനം എന്നു പേര് മാറ്റാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുരളി ജെ നായര്‍, രാജു മൈലപ്ര, നീന പനയ്ക്കല്‍, ജോസ് കാടാപ്പുറം, തോമസ് ടി. ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.

ബിന്ദ്യ പ്രസാദ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത 'ഞാനൊരു മലയാളി' എന്ന നൃത്തശില്‍പം സദസിന്റെ മനംകവര്‍ന്നു. ശാലിനിയും ശബരീനാഥും ആലപിച്ച ഗാനങ്ങളും ഹൃദ്യമായി. പ്രവീണ മേനോന്‍, ജോസ് ഏബ്രഹാം എന്നിവര്‍ എംസിമാരായിരുന്നു.

പ്രവാസ ജീവിതവും വനിതാ എഴുത്തുകാരും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ രതീദേവി മോഡറേറ്ററായിരുന്നു. ഡോ. എന്‍.പി. ഷീല, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, അനിത പണിക്കര്‍, ഡോ. നന്ദകുമാര്‍ ചാണയില്‍, മനോഹര്‍ തോമസ്, സാംസി കൊടുമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

അവാര്‍ഡ് ജേതാക്കളുമായുള്ള അഭിമുഖത്തിന് ഇന്ത്യ പ്രസ്ക്ളബ് മുന്‍ ദേശീയ പ്രസിഡന്റ് ടാജ് മാത്യു, നിയുക്ത പ്രസിഡന്റ് മധുരാജന്‍ എന്നിവര്‍ ചുക്കാന്‍ പിടിച്ചു.

ട്രൈസ്റേറ്റ് മേഖലയിലെ പ്രമുഖ വ്യക്തികള്‍ സെമിനാറിലും സമ്മേളനത്തിലും പങ്കെടുത്തു. പ്രസ്ക്ളബ് മുന്‍ ദേശീയ പ്രസിഡന്റ് റെജി ജോര്‍ജ്, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഐഎന്‍ഒസി നേതാവ് കളത്തില്‍ വര്‍ഗീസ്, സജി ഏബഹാം, ഏബ്രഹാം തരിയത്ത്, പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്കോപ്പ, ഫാ. ഷിബു ദാനിയേല്‍, ജയപ്രകാശ് നായര്‍, ജയശ്രീ നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത്, തോമസ് തോമസ്, ഉണ്ണികൃഷ്ണന്‍ നായര്‍, സണ്ണി മാമ്പിള്ളി, തോമസ് ചാക്കോ, ലാലി കളപ്പുരക്കല്‍, ബി. അരവിന്ദാക്ഷന്‍, അനിയന്‍ മൂലയില്‍, ലൈസി അലക്സ്, അലക്സ് ഏബ്രഹാം, ജോണ്‍ വേറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.