പാസ്പോര്‍ട്ട് : പോലീസ് വെരിഫിക്കേഷന് ഓണ്‍ലൈന്‍ സംവിധാനം
Tuesday, May 17, 2016 6:44 AM IST
ബംഗളൂരു: പാസ്പോര്‍ട്ടിനു വേണ്ടിയുള്ള പോലീസ് വെരിഫിക്കേഷന്‍ സൌകര്യം ഇനി ഓണ്‍ലൈനില്‍ ലഭ്യമാകും. ഇന്നലെ മുതലാണ് സേവനം ലഭ്യമായിത്തുടങ്ങിയത്. റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥരും പോലീസ് മേധാവികളും തമ്മില്‍കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബംഗളൂരു സെന്‍ട്രല്‍ ഡിവിഷനു കീഴില്‍ വരുന്ന അശോക് നഗര്‍, വിവേക് നഗര്‍, കബണ്‍ പാര്‍ക്ക്, ഹൈഗ്രൌണ്ട്, അള്‍സൂര്‍ഗേറ്റ് എന്നീ പോലീസ് സ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിനടപ്പാക്കിയത്.

നേരത്തെ, റീജണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് വെരിഫിക്കേഷനു വേണ്ടിയുള്ള അപേക്ഷ അയയ്ക്കുകയും ഇതിന്റെ ചുമതലയുള്ള പോലീസ് കോണ്‍സ്റ്റബിള്‍ അപേക്ഷകന്റെ താമസസ്ഥലത്തു പോയി വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസ്, പോലീസ് കമ്മീഷണറുടെ ഓഫീസ് എന്നിവ കടന്നാണ് റിപ്പോര്‍ട്ട് റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിലേക്ക് എത്തുന്നത്. ഇതിനു വളരെയേറെ സമയം ആവശ്യമാണ്. പുതിയ സംവിധാനം എത്തിയതോടെ ഈ സമയം ലാഭിക്കാന്‍ കഴിയും.

പദ്ധതി പ്രകാരം ഓണ്‍ലൈന്‍ വെരിഫിക്കേഷനു വേണ്ടി പോലീസുകാര്‍ക്ക് പ്രത്യേക ടാബുകള്‍ നല്കും. പോലീസുകാര്‍ക്ക് ഇതിനായി പ്രത്യേക പരിശീലനം നല്കുന്നുണ്ട്. അപേക്ഷകള്‍ നേരിട്ട് കോണ്‍സ്റ്റബിള്‍മാരുടെ ടാബുകളിലേക്ക് എത്തും. തുടര്‍ന്ന്, അപേക്ഷകരുടെ മേല്‍വിലാസം പരിശോധിച്ച ശേഷം ടാബ് വഴി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിവരങ്ങള്‍ നേരിട്ട് അപ്ലോഡ് ചെയ്യും. ഡിജിറ്റല്‍ ആയതിനാല്‍ നടപടിക്രമങ്ങള്‍ വളരെയെളുപ്പം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. പദ്ധതി വിജയമാണെന്നു കണ്ടാല്‍ സെന്‍ട്രല്‍ ഡിവിഷന്റെ കീഴിലെ മറ്റു സ്റേഷനുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.