ഒ.വി. വിജയന്‍ അനുസ്മരണം
Thursday, May 19, 2016 6:12 AM IST
ബംഗളൂരു: ബംഗളൂരു കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഒ.വി. വിജയന്‍ ഫൌെണ്േടഷന്‍, ശാന്തിഗിരി ആശ്രമം എന്നിവരുടെ സഹകരണത്തോടെ ഒ.വി. വിജയന്‍ അനുസ്മരണം സംഘടിപ്പിച്ചു. ശാന്തിഗിരി ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. പ്രതിഭകൊണ്ടും ക്രാന്തദര്‍ശിത്വം കൊണ്ടും മനുഷ്യനന്മയുടെ അടഞ്ഞ വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ച എഴുത്തുകാരനായ ഒ.വി. വിജയന്‍ മാനവികതയുടെ പ്രവാചകനായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളിയുടെ മനസ്സില്‍ ചിന്തയുടെയും ഭാവനയുടെയും അനുസ്യൂത പ്രവാഹം സൃഷ്ടിച്ച എഴുത്തുകാരനാണ് ഒ.വി. വിജയനെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 'ഒ.വി. വിജയന്‍- കലയും ദര്‍ശനവും' എന്ന വിഷയത്തെക്കുറിച്ച് കഥാകൃത്ത് എം. ചന്ദ്രപ്രകാശ് സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റിറ്റ്യുട്ട് പുറത്തിറക്കിയ ഒ.വി. വിജയന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, കേരളസമാജം പ്രസിഡന്റ് സി.പി രാധാകൃഷ്ണനു നല്‍കി നിര്‍വഹിച്ചു.

എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, കേരളസമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, ജോര്‍ജ് തോമസ്, ഒ.വി. ചിന്നന്‍, സതീഷ് കുമാര്‍, സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി തുടങ്ങിയവര്‍ സംസാരിച്ചു. ഒ.വി വിജയനെക്കുറിച്ച് എം. ചന്ദ്രപ്രകാശ് സംവിധാനം ചെയ്ത ഡോക്കുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.