ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു
Friday, May 20, 2016 8:28 AM IST
ഫിലഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക മാതൃദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

ആഘോഷ പരിപാടിയില്‍ പ്രസിഡന്റ് ശ്രീനിവാസന്‍ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംഘടനയിലെ അംഗങ്ങളുടെ മാതൃദിന ആശംസകളില്‍ മാതൃതത്വത്തിന്റെ വിലമതിക്കാനാവാത്ത മൂല്യസത്തയും മാതൃസ്നേഹത്തിന്റെ ഉദാത്തമായ മാതൃകകളും പങ്കുവയ്ക്കുകയുണ്ടായി. ചടങ്ങിനു സാക്ഷ്യം വഹിച്ച അമ്മമാര്‍ക്കെല്ലാം പൂക്കള്‍ സമ്മാനിച്ചും ഒപ്പം, മുതിര്‍ന്ന അമ്മമാര്‍ക്കു പ്രത്യേക സ്നേഹോപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. കുട്ടികള്‍, മാതൃദിനത്തേയും അതിന്റെ പകരം വയ്ക്കാനാവാത്ത പ്രാധാന്യത്തേകുറിച്ചും പങ്കുവച്ച ചിന്തകള്‍ സദസ് ഏറെ കൌതുകത്തൊടെയും അതിലേറെ ആഹ്ളാദത്തോടെയുമാണ് ശ്രവിച്ചത്.

എന്‍എന്‍എ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ശൈശവം, ബാല്യം, കൌമാരം, യൌവനം തുടങ്ങി നാളിതു വരെയുള്ള കാല ചംക്രമണത്തിലെ ഏടുകളുടെ നിശ്ചല ഛായാ ചിത്രങ്ങള്‍, ജോയിന്റ് ട്രഷറര്‍ സുജിത് ശ്രീധറിന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചത് തികച്ചും അവിസ്മരണീയമായ അനുഭവമായി.

കുട്ടികളെല്ലാവരും ചേര്‍ന്ന് പ്രത്യേക മാതൃദിന ഗാനാര്‍ച്ചന അമ്മമാര്‍ക്കായി സമര്‍പ്പിച്ചതിനെ തുടര്‍ന്നു ചടങ്ങില്‍ സഹകരിച്ച ഏവര്‍ക്കും ജനറല്‍ സെക്രട്ടറി ഡോ. ജയ്മോള്‍ ശ്രീധര്‍ നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായ സദ്യയോടു കൂടി പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം