വിചാരവേദിയില്‍ മാലിനിയുടെ കഥകള്‍ ചര്‍ച്ച ചെയ്തു
Saturday, May 21, 2016 3:37 AM IST
ന്യൂയോര്‍ക്ക്: മൈയ് എട്ടാം തിയ്യതി ആറിനു കേരളാ കള്‍ച്ചറല്‍ അസോസിയേഷനില്‍ കൂടിയ വിചാരവേദി മീറ്റിംഗില്‍, അമേരിക്കയില്‍ അറിയപ്പെടുന്ന ചെറുകഥാകൃത്തായ മാലിനിയുടെ 'നീയും ഞാനും പിന്നെ നമ്മളും' എന്ന കഥാ സമാഹാരത്തിലെ ഏതാനം കഥകള്‍ ചര്‍ച്ച ചെയ്തു. വിചാരവേദി സെക്രട്ടറി സാംസി കൊടുമണ്‍ സ്വാഗതം ചെയ്യുകയും, കഥാകൃത്ത് മാലിനിയെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അദ്ധ്യക്ഷത വഹിച്ച ജെ. മാത്യുസ്, മാലിനി എന്ന എഴുത്തുകാരിയുടെ കഥ താന്‍ ചീഫ് എഡിറ്ററായ ജനനിയില്‍ വന്നതിനു ശേഷം മാത്രമാണ് അതു നിര്‍മ്മല എന്ന തന്റെ സഹോദരിയാണന്നറിഞ്ഞുള്ളു എന്നു പറഞ്ഞു. കുടുംബക്കാര്‍ തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹമുള്ളതിനാല്‍ കഥ വിമര്‍ശനം ചെയ്യൂന്നില്ലെന്നും ആമുഖത്തില്‍ പറഞ്ഞു.

ഡോ. നന്ദകുമാര്‍ മാലിനിയുടെ കഥകളുടെ നല്ല ഒരു ആസ്വാദനം നടത്തുകയുണ്ടായി. കഥാ കഥനത്തിനുപയോഗിച്ചിരിക്കുന്ന ഭാഷ വളരെ ഹൃജുവും സരള ലളിതവുമാണ്. വാക്ധോരണികളില്ലാതെ മിതമയ ഭഷയില്‍ മിതമായ വാക്കുകള്‍. എന്നാല്‍ കുറിയ്ക്ക് കൊള്ളും വിധമുള്ള പദവിന്ന്യാസങ്ങളും. സൂചകങ്ങളും ഉപയോഗിച്ച് എല്ലാം വെട്ടിത്തുറന്നു പറയാതെ പ്രമേയങ്ങളുടെ സാരസ്യം വായനക്കാരന്റെ അനുമാനത്തിനു വിട്ടുകൊടുക്കുന്ന രീതിയും പ്രശംസനിയമാണ്.

ശക്തമായ പ്രമേയം തെരഞ്ഞെടുത്ത് കഥകള്‍ മെനയാന്‍ കെല്പുള്ള കഥാകാരിയാണ് മാലിനി എന്ന് ഡോ. എന്‍. പി. ഷീല അഭിപ്രായപ്പെട്ടു. 'ചെമ്പുഴ' എന്ന കഥയുടെ ആഖ്യാന രീതിയിലൂടെ ആധുനിക രചനാ തന്ത്രങ്ങളും മാലിനിക്ക് വഴങ്ങുമെന്നും, പ്രണയം സനാധനമാണന്നും, സ്നേഹം രാസ പരിണാമങ്ങള്‍ക്ക് വിധേയമാകാത് അത് ജന്മാന്തരങ്ങളില്‍ തുടരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കഥാവിഷ്ക്കാരത്തിന് ഒരു നവീന സരണി വെട്ടിത്തുറന്ന എഴുത്തുകാരിയാണ് മാലിനി എന്ന് നിരീക്ഷിച്ച വേറ്റം അഭിപ്രായപ്പെട്ടു. മാലിനിയുടെ 'തൂവരശ്ശേരിക്കുന്ന്' എന്ന കഥ സ്നേഹബന്ധത്തിന്റേയും, സഹനത്തിന്റേയും മോഹത്തിന്റേയും, മോഹഭംഗത്തിന്റേയും കഥയാണന്നും, ഒപ്പം മതാന്ധതയുടെ തിക്തഫലങ്ങള്‍ മനുഷ്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും നമ്മെ കാണിച്ചു തരുന്നു എന്നും പറഞ്ഞു. മാലിനിയുടെ മറ്റു കഥകളേയും അദ്ദേഹം പഠനവിധേയമാക്കി. ബാബു പാറയ്ക്കല്‍ പ്രത്യേകം എടുത്തു പറഞ്ഞത് മാലിനിയുടെ മിക്ക കഥളിലും കഥാ പാത്രങ്ങള്‍ക്ക് പേരുകള്‍ ഇല്ല എന്നുള്ളതാണ്. ചെമ്പുഴ എന്ന കഥ പല ആവര്‍ത്തി വായിച്ചിട്ടും എവിടയൊ എന്തൊ അപൂര്‍ണ്ണത അനുഭവപ്പെട്ടതായും, എന്നാല്‍ തൂവരശ്ശേരി കുന്ന് പ്രത്യാശയുടേയും കാത്തിരിപ്പിന്റേയും സാഫല്ല്യം വെളിവാക്കൂന്ന കഥയാണന്നും, മാലിനി കഥാ രംഗത്ത് തന്റേതായ ഒരിടം കണ്െടത്തിയിട്ടുണ്െടന്നും അദ്ദേഹം നിരീക്ഷിച്ചു. പി.റ്റി. പൌലോസ് പറഞ്ഞത് മാലിനി ഇരുത്തം വന്ന ഒരു എഴുത്തു കാരിയാണന്നും, ജനിപ്പിച്ച അച്ഛനേയും അമ്മയേയും അമ്പലനടയില്‍ തള്ളുന്ന ഈ നീച കാലഘട്ടത്തില്‍ ശക്തരായ എഴുത്തുകാര്‍ ഉയര്‍ന്നു വരുകയും സാംസ്കാരിക രംഗത്ത് ഒരുപുത്തന്‍ ഉണര്‍വ് ഉണ്ടാകുകയും ചെയ്യണമെന്നാണ്.

കഥ സാഹിത്യത്തിന്റെ ആദ്യരൂപമാണന്നും, ലോകെത്തെവിടേയും സാഹിത്യം കഥാ രൂപത്തിലാണ്‍് രൂപപ്പെട്ടിട്ടുള്ളതെന്നും, വ്യാകരണശാസ്ത്രത്തില്‍ കഥ എന്ന വാക്ക് പറച്ചില്‍ എന്ന് അര്‍ത്ഥം വരുന്ന ധാതുവില്‍ നിന്നും രൂപപ്പെട്ടാതാണന്നും ഡോ. ശശിധരന്‍ പറഞ്ഞു. ഒരോ കഥയ്ക്കും വ്യക്തിപരമായ സവിശേഷതകള്‍ കാണുമെന്ന്, ക്ളാസിക് കഥകളിലൊന്നായ റഷ്യന്‍ എഴുത്തുകാരന്‍ ചെക്കോവിന്റെ ശത്രുക്കള്‍ എന്ന കഥ സവിസ്താരം ഉദാഹരിച്ച് ഡോ ശശിധരന്‍ പറഞ്ഞു. 'തൂവരശ്ശേരി കുന്ന്' എന്ന കഥയെ പരാമര്‍ശിക്കവേ, കാലങ്ങള്‍ കടന്നു പോകും, ദുഃഖങ്ങളും മറക്കും. അച്ഛനും അമ്മയും അനുജത്തിയും മരിച്ചതും നമ്മള്‍ മറക്കും. പക്ഷേ ജീവിതത്തില്‍ ഏതെങ്കിലും ഒരാള്‍ നമ്മളോട് ഒരധര്‍മ്മം, അനീതി ചെയ്താല്‍ അത് നമ്മുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണി അടിയ്ക്കുന്നതുവരേയും പൊറുക്കപ്പെടാതെ മനസ്സില്‍ ഒളിപ്പിച്ചു വെച്ച ദുഃഖമായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധരണക്കാരന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഭാഷ മാലിനിയുടെ പ്രത്യേകതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്ധ്യക്ഷന്‍ ജെ. മാത്യുസ് എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ നേരുകയും, സാംസി കൊടുമണ്‍ പൂച്ചെണ്ടുകള്‍ നല്‍കി അവരെ ആദരിയ്ക്കുകയും ചെയ്തു.

മാലിനി തന്റെ മറുപടി പ്രസംഗത്തില്‍ തന്റെ കഥകള്‍ വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാരോടും നന്ദി പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളില്‍ പതിരുണ്ട് എന്ന് തോന്നുന്നില്ല എന്നും പറഞ്ഞു. സാംസി കൊടുമണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം