ഗര്‍ഭഛിദ്രം കുറ്റകരമാക്കുന്ന നിയമം ഒക്ലഹോമ ഗവര്‍ണര്‍ വീറ്റോ ചെയ്തു
Saturday, May 21, 2016 4:48 AM IST
ഒക്ലഹോമ: യാതൊരു കാരണവശാലും ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുകയില്ല എന്നു പ്രഖ്യാപിക്കുകയും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്ന ഒക്ലഹോമ ഗവര്‍ണര്‍ ഒക്ലഹോമ സെനറ്റ് അംഗീകരിച്ച ഗര്‍ഭഛിദ്രം നിരോധന ബില്‍ നടപ്പാക്കുന്നത് വീറ്റോ ചെയ്തു.

ബില്ലിന് അനുകൂലമായോ പ്രതികൂലമായോ വ്യാഴാഴ്ച വരെ നിശബ്ദത പാലിക്കുകയും അടുത്ത ബുധനാഴ്ച വരെ വീറ്റോ ചെയ്യുന്നതിന് സമയം അനുവദിക്കുകയും ചെയ്യുന്ന ബില്ല് പെട്ടെന്നു വീറ്റോ ചെയ്യുവാന്‍ ഗവര്‍ണര്‍ തയാറായതില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ ഗര്‍ഭഛിദ്ര നിരോധനത്തെ അംഗീകരിക്കുന്നതുവരെ അദ്ഭുതപ്പെടുത്തി. ബില്ലില്‍ ഒപ്പിടുന്നത് അനാവശ്യമായ നിയമ നടപടികള്‍ക്ക് ഇടയാക്കുമെന്നും നികുതി ദായകരുടെ പണം ഇതിനുവേണ്ടി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുളള വിശദീകരണം.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിച്ച ആന്റി അബോര്‍ഷന്‍ നിയമങ്ങളേക്കാള്‍ കര്‍ശന നിയന്ത്രണങ്ങളും അബോര്‍ഷന്‍ നടത്തുന്ന ഡോക്ടര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുളള വകുപ്പുകളും ഒക്ലഹോമ പാസാക്കിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ജിഒപി സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയതായിരുന്നു ബില്‍.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ആദ്യമായി പ്രചരിപ്പിക്കപ്പെട്ട പേര് ഒക്ലഹോമ ഗവര്‍ണര്‍ ഫോളിന്റേതായിരുന്നു. ട്രംപിനെ പ്രീതിപ്പെടുത്തുന്നതിനാണോ ഗവര്‍ണര്‍ ഗര്‍ഭഛിദ്ര നിരോധന ബില്‍ വീറ്റോ ചെയ്തതെന്ന സംശയവും പ്രബലപ്പെടുന്നുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍