ദീപിക-സാന്താ മോണിക്ക മാര്‍ഗനിര്‍ദേശക സെമിനാറിനു മികച്ച പ്രതികരണം
Saturday, May 21, 2016 5:08 AM IST
ബംഗളൂരു: ദീപിക ദിനപ്പത്രം ബംഗളൂരു എഡിഷന്റെയും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റായ സാന്താ മോണിക്കയുടെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച വിദേശപഠന മാര്‍ഗനിര്‍ദേശക സെമിനാറിന് മികച്ച പ്രതികരണം. സെന്റ് തോമസ് ഫൊറോനയില്‍ നടന്ന ആദ്യഘട്ട സെമിനാറില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്തു. ദീപിക റീജണല്‍ ഡയറക്ടറും ഫൊറോനാ വികാരിയുമായി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദീപിക അഡ്വൈസറി ബോര്‍ഡ് അംഗം ബിജു കോലംകുഴി, സാന്താ മോണിക്ക സ്റ്റുഡന്റ് കൌണ്‍സിലര്‍ അനില സ്റ്റാന്‍ലി, ബ്രാഞ്ച് ഹെഡ് ദീപ വര്‍ഗീസ്, ഉപദേശക സമിതിയംഗം ഫിലിപ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

സെമിനാറിന്റെ രണ്ടാം ഘട്ടം 22ന് മത്തിക്കരെ സെന്റ് സെബാസ്റ്യന്‍സ് ഫൊറോനയില്‍ നടക്കും. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് സമയം. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സൌജന്യമായി ഈ സെമിനാറില്‍ പങ്കെടുക്കാവുന്നതാണ്. ജൂണ്‍ അഞ്ചിന് ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനയിലും ജൂണ്‍ 12ന് സുല്‍ത്താന്‍പാളയ സെന്റ് അല്‍ഫോന്‍സ ഫൊറോനയിലുമാണ് സെമിനാര്‍ നടക്കുക.

ബംഗളൂരുവിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കര്‍ണാടക സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്ന സ്കോളര്‍ഷിപ്പോടു കൂടി വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനും മികച്ച കരിയര്‍ തെരഞ്ഞെടുക്കാനുമുള്ള നിര്‍ദേശങ്ങളും സഹായങ്ങളും സെമിനാറില്‍ വിദ്യാര്‍ഥികള്‍ക്കു ലഭ്യമാകും. കുറഞ്ഞ ചെലവിലും സ്കോളര്‍ഷിപ്പോടും കൂടി പഠിക്കാന്‍ കഴിയുന്ന സര്‍വകലാശാലകളെ പരിചയപ്പെടുത്തുന്നതിനൊപ്പം നല്ല കരിയര്‍ തെരഞ്ഞെടുത്തു പഠിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങളും അഭിരുചി പരീക്ഷയും സെമിനാറില്‍ ഉണ്ടാകും. യുഎസ്, യുകെ, ഫ്രാന്‍സ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ് എന്നീ വിദേശരാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളെക്കുറിച്ചും അവര്‍ നല്കുന്ന കോഴ്സുകളെക്കുറിച്ചും വിശദമായി സാന്താ മോണിക്ക കണ്‍സള്‍ട്ടന്‍സി വിദഗ്ധര്‍ ക്ളാസ് നയിക്കും. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ പത്തു വരെ ക്ളാസുകള്‍ക്കും ബിരുദ, ബിരുദാനന്തര, പ്രഫഷണല്‍ കോഴ്സുകള്‍ക്കുമുള്ള സ്കോളര്‍ഷിപ്പിനെക്കുറിച്ചു ന്യൂനപക്ഷ മന്ത്രാലയത്തിലെ വിദഗ്ധര്‍ ക്ളാസ് നയിക്കും. സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ലോണ്‍ തുടങ്ങിയവ സംബന്ധിച്ച് ഫിലിപ് മാത്യു ക്ളാസെടുക്കും.

പ്ളസ്ടുവിനു ശേഷം എന്തു പഠിക്കണം, എവിടെ, ഏതു കോളജില്‍ പഠിക്കണം എന്നുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ക്കു വിരാമമിടുന്നതായിരിക്കും ഈ സെമിനാര്‍. വ്യക്തമായ ദിശാബോധത്തോടെ, നല്ല കരിയര്‍ അഭിരുചി അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം പാഴാക്കാതെ ഈ സെമിനാര്‍ ഉപയോഗപ്പെടുത്തുക.