ജോസഫ് പാപ്പന് സംഗീതാദരവ്
Saturday, May 21, 2016 8:00 AM IST
ന്യൂയോര്‍ക്ക്: സംഗീതവഴികളില്‍ ഇരുപത്തഞ്ചാണ്ട് പൂര്‍ത്തിയാക്കിയ ഏയ്ഞ്ചല്‍ മെലഡീസ് സാരഥി റെജിയെന്ന ജോസഫ് പാപ്പന്, ന്യൂയോര്‍ക്ക് മലയാളികള്‍ സ്നേഹോഷ്മളമായ ആദരവു നല്‍കി.

മേയ് 15നു ഫ്ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ എം. ആള്‍ട്ട്മാന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി വൈദികരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട ഒട്ടേറെ പേര്‍ പങ്കെടുത്തു. കീബോര്‍ഡ് കലാകാരന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, സംഗീത അധ്യാപകന്‍, ഓര്‍ക്കസ്ട്ര സംവിധായകന്‍ തുടങ്ങിയ നിലകളിലൊക്കെ നൈപുണ്യം തെളിയിച്ചിട്ടുള്ള റെജി, വിവാഹ ക്വയര്‍, ഫ്യൂണറല്‍ സര്‍വീസ് ക്വയര്‍, ആരാധന ക്വയര്‍, കണ്‍വന്‍ഷന്‍ ക്വയര്‍ തുടങ്ങി നിരവധി ഡിവോഷണല്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്തുവരുന്നത് ചടങ്ങില്‍ ആശംസ നേര്‍ന്നവര്‍ അനുസ്മരിച്ചു.

റെജിയുടെ സഹോദരനായ റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. റവ. പൌലൂസ് ആദായി കോര്‍ എപ്പിസ്കോപ്പാ, ഫാ. ജോണ്‍ തോമസ്, ഫാ. ജോര്‍ജ് മാത്യു, ഫാ. ഫിലിപ്പ് സി. ഏബ്രഹാം, ഫാ. തോമസ് പോള്‍, റവ. ബിനു ജോണ്‍, ഫാ. ജോണ്‍ പാപ്പന്‍, റെജി എന്നിവര്‍ സംസാരിച്ചു. തന്റെ സംഗീതശുശ്രൂഷയ്ക്കുവേണ്ട പ്രചോദനവും കൈത്താങ്ങും നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ റെജി, അകാലത്തില്‍ വിട പറഞ്ഞ സഹധര്‍മിണിയേയും മാതാപിതാക്കളെയും അനുസ്മരിച്ചു.

സാറാ ഐസക്ക് ബൈബിള്‍ പാരായണം നടത്തി. ഫാ. ജോയിസ് പാപ്പന്‍ പരിപാടിയുടെ എംസി ആയിരുന്നു. റെജിയുടെ നേതൃത്വത്തില്‍ സജി കോശി, മിനി കോശി, സൈജു ഡേവിഡ്, അന്‍സു കോശി, ഏയ്ഞ്ചല്‍ ജോസഫ്, എലൈന ഏലിയാസ് എന്നിവര്‍ ചേര്‍ന്ന് ഗാനമാലപിച്ചു.

ആഘോഷചടങ്ങിനുശേഷം എം.ജി. ശ്രീകുമാര്‍, രഞ്ജിനി ജോസ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. ഏഞ്ചല്‍ മെലഡീസിലെ ഗായകര്‍ റെജിയുടെ നേതൃത്വത്തില്‍ ആദ്യാവസാനം കോറസ് പാടി. എം.ജി ശ്രീകുമാറിന്റെ സ്ഥിരം കീബോര്‍ഡ് പ്ളെയര്‍ അനൂപ് പശ്ചാത്തല സംഗീതമൊരുക്കുകയും മൂന്നു ഗാനങ്ങളുടെ ഈരടികള്‍ ആലപിക്കുകയും ചെയ്തു. 18 ഗാനങ്ങള്‍ക്കുശേഷം രഞ്ജിനി ജോസ് ഇംഗ്ളീഷില്‍, ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ 'അമെയ്സിംഗ് ഗ്രേസ്' എന്ന ഗാനമാലപിച്ച് സദസിനെ അദ്ഭുതപ്പെടുത്തി.

പ്രോഗ്രാമിലുടനീളവും പാട്ടുകളുടെ അവതരണസമയത്തും യേശുക്രിസ്തുവിലുള്ള വിശ്വാസം എടുത്തു പറഞ്ഞ എം.ജി ശ്രീകുമാര്‍ അത് സംബന്ധിച്ച വിവരങ്ങളും നല്‍കുന്നുണ്ടായിരുന്നു. 'അമ്മേയമ്മേ തായേ' 'ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം' 'സീനായ് മാമലയില്‍', 'വാഴ്ത്തുന്നു ദൈവമേ നിന്‍മഹത്വം', 'ഒരിക്കല്‍ യേശുനാഥന്‍', 'ഇന്നയോളം എന്നെ നടത്തീ' തുടങ്ങി ക്രൈസ്തവ സമൂഹം ഏറ്റുപാടിയ ഗാനങ്ങളൊക്കെ എം.ജി. ശ്രീകുമാര്‍ മനോഹരമായി ആലപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍