മൈസൂരുവില്‍ കുട്ടികളുടെ കലോത്സവം
Monday, May 23, 2016 4:26 AM IST
ബംഗളൂരു: കുട്ടികള്‍ക്കായി ഒരുക്കുന്ന 'മക്കളെ കലോത്സവ'ത്തിന് മൈസൂരുവില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, വനിതാ- ശിശുക്ഷേമ മന്ത്രാലയം, ജവഹര്‍ ബാലഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മക്കളെ കലോത്സവം നടക്കുന്നത്. മൈസൂരു വനരംഗ ഹാളില്‍ വെള്ളിയാഴ്ച ആരംഭിച്ച കലോത്സവം കലാകാരി ആദിത്യ ഭരദ്വാജ് ഉദ്ഘാടനം ചെയ്തു.

ജില്ലാതല മത്സരങ്ങളില്‍ നിന്നു വിജയിച്ച 250ലേറെ കുട്ടികളാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.

ക്രിയേറ്റീവ് ആര്‍ട്സ്, ക്രിയേറ്റീവ് പെര്‍ഫോമിംഗ് ആര്‍ട്സ്, ക്രിയേറ്റീവ് റൈറ്റിംഗ്, ശാസ്ത്ര നൈപുണ്യം എന്നിങ്ങനെ തരംതിരിച്ചാണ് മത്സരങ്ങള്‍. എല്ലായിനങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് കലാശ്രീ പുരസ്കാരം ലഭിക്കും. രാവിലെ പത്തു മുതലാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൌകര്യമുണ്ട്. മൂന്നു ദിവസത്തെ കലോത്സവം ഇന്നു സമാപിക്കും.