ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു
Tuesday, May 24, 2016 6:14 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നജാഫ്ഗഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു. ചെറുവിമാനത്തില്‍ എട്ടോളം യാത്രക്കാരുണ്ടായിരുന്ന എന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല.

ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് ദുരന്തം. തെക്കു-പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രദേശമാണ് ദുരന്തമുണ്ടായ നജാഫ്ഗഡ്. പാറ്റ്നയില്‍ നിന്നും വന്ന എയര്‍ ആംബുലന്‍സ് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് തകര്‍ന്നത്. നജാഫ്ഗഡിലെ കെയര്‍ ഗ്രാമത്തിലെ പാടത്ത് ചെറുവിമാനം ഇടിച്ചിറങ്ങുകയായിരുന്നു. യന്ത്രതകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം പൊട്ടിതെറിക്കാതിരുന്നത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. അഗ്നിശമന സേനയും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് എത്തി.