പിണറായി വിജയനും മന്ത്രിസഭാംഗങ്ങള്‍ക്കും ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുമോദനം
Tuesday, May 24, 2016 6:19 AM IST
ന്യൂയോര്‍ക്ക്: പതിനാലാം നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 91 സീറ്റ് നേടി ഭരണത്തിലെത്തിയ ഇടതു മുന്നണിയേയും നിയുക്ത മുഖ്യമന്ത്രി പിണാറായി വിജയനേയും മന്ത്രിസംഭാംഗങ്ങളേയും ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദിച്ചു.

പ്രവാസി മലയാളികളുടെ വിഷയങ്ങളില്‍ ഗുണപരമായ ഇടപെടല്‍ വേണമെന്നും പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെയുള്ള ഹ്രസ്വകാല-ദീര്‍ഘകാല വികസനപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും അനുമോദനമറിയിച്ചുകൊണ്ടുള്ള കത്തില്‍ ആവശ്യപ്പെട്ടു.

സഞ്ചാരയോഗ്യമായ റോഡുകള്‍ വികസനത്തിന്റെ നട്ടെല്ലായതുകൊണ്ട് ആ വിഷയത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കണം. കേരളത്തിന്റെ ശാപമായ ഹര്‍ത്താല്‍, അനാവശ്യ തൊഴില്‍ സമരങ്ങള്‍ എന്നിവ നിരോധിക്കാന്‍ നടപടിയുണ്ടാകണം. മദ്യനിരോധനം അല്ല, വര്‍ജനമാണ് നല്ലതെന്ന നയത്തോട് തങ്ങളും യോജിക്കുന്നെന്നും മദ്യവര്‍ജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ചെറുകിട ജലസേചന പദ്ധതികളും പാരമ്പര്യേതര ഊര്‍ജസ്രോതസുകളും കണ്െടത്തി പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേരളത്തിന്റെ മണ്ണും മനസും മാന്യതയും സംരക്ഷിച്ച് പ്രവാസി മലയാളികളുടെ കൂടെ പങ്കാളിത്തമുള്ള നവീന വികസനമാതൃകകളാണു കേരളവും പ്രവാസി സമൂഹവും പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന് അയച്ച അനുമോദനക്കത്തില്‍ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ശിവന്‍ മുഹമ്മയും ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം എന്നിവര്‍ ആവശ്യപ്പെട്ടു.