അവന്ത് ഗായ്ക്ക് ക്ളീന്‍ എനര്‍ജി മിനിസ്റീരിയലിലേക്കു ക്ഷണം
Tuesday, May 24, 2016 6:28 AM IST
ന്യൂയോര്‍ക്ക്: തിരുവനന്തപുരം കേന്ദ്രമായുള്ള അവന്ത് ഗാ ഇന്നവേഷന്‍സിനിത് ആഗോളതലത്തില്‍ അംഗീകാരവേള. ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ സാന്‍ഫ്രാന്‍സിസ്കോയിലെ സിലിക്കണ്‍വാലിയില്‍ നടക്കുന്ന ഏഴാമത് ക്ളീന്‍ എനര്‍ജി മിനിസ്റീരിയലില്‍ (ഇഋങ7) പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക ഇന്ത്യന്‍ കമ്പനിയാണ് അവന്ത് ഗാ. 24 രാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ മന്ത്രിമാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവുംവിധം അവന്ത് ഗാ ഇന്നവേഷന്‍സ് സ്വന്തമായി വികസിപ്പിച്ചെടുത്ത കാറ്റാടി യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിന് യുഎസ് സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന അംഗീകാരം അവന്ത് ഗാ യ്ക്കൊപ്പം കേരളസംസ്ഥാനത്തിനും അഭിമാനിക്കത്തക്ക നേട്ടമായി. ഇന്ത്യന്‍ ഊര്‍ജവിഭവമന്ത്രി പീയൂഷ് ഗോയാലും സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

24 രാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജമന്ത്രിമാരുടെ ഫോറമാണ് (ഇഋങ7). ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളും ഓര്‍ഗനൈസേഷനുകളും ആഗോളതലത്തില്‍ ക്ളീന്‍ എനര്‍ജി ലക്ഷ്യമിട്ടുള്ള ഭാവിക്കായി ഈ എക്സിബിഷനില്‍ പങ്കെടുക്കും.

പ്രസിഡന്റ് ഒബാമ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന സമ്മേളനത്തില്‍ അംഗരാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ കമ്മീഷനില്‍നിന്നുമുള്ള ഊര്‍ജമന്ത്രിമാരുടെയും ഉന്നതപ്രതിനിധികളുടെയും സാന്നിധ്യം ലോകത്തിന്റെ മുന്‍നിരയില്‍നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ക്ളീന്‍ എനര്‍ജിയുടെ ഗവേഷണത്തിനും വികസനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജം പകരും.

അവന്ത് ഗായുടെ കാറ്റാടിയന്ത്രത്തിനു പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം കണ്ടുപിടിത്തങ്ങളാണ് (ഇഋങ7) യിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് തെരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ ലിസ്റ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം സ്വദേശികളായ സഹോദരന്‍മാര്‍ അനൂപ് ജോര്‍ജ്, അരുണ്‍ ജോര്‍ജ് എന്നിവരാണ് അവന്ത് ഗായ്ക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ നിര്‍മിച്ചിരിക്കുന്ന കാറ്റാടിയന്ത്രം ഉപയോഗിച്ച് 40000 രൂപയ്ക്ക് ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലും കേരളത്തിന്റെ കാറ്റാടിയന്ത്രം അവതരിപ്പിച്ചിരുന്നു.

പാരീസില്‍ നടന്ന ക്ളൈമറ്റ് എഗ്രിമെന്റ് ആറുമാസം പിന്നിടുമ്പോള്‍ നടക്കുന്ന (ഇഋങ7) സമ്മേളനത്തിന് വളരെ പ്രാധാന്യമുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍