ഫോണ്‍ ഭീഷണി: രേവണ്ണയുടെ സുരക്ഷ ശക്തമാക്കി
Wednesday, May 25, 2016 4:40 AM IST
ബംഗളൂരു: ഭീഷണി ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവും നിയമസഭാ കൌണ്‍സില്‍ അംഗവുമായ എച്ച്.എം. രേവണ്ണയുടെ സുരക്ഷ ശക്തമാക്കി. അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് രേവണ്ണയ്ക്ക് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഈ മാസം 11ന് ബലാഗവിയില്‍ വച്ചാണ് രേവണ്ണയ്ക്ക് ഭീഷണി ഫോണ്‍കോള്‍ എത്തിയത്. അദ്ദേഹത്തിന്റെ മകന്‍ അനൂപിന്റെ പുതിയ സിനിമയായ ലക്ഷ്മണയുടെ റിലീസ് തടസപ്പെടാതിരിക്കാന്‍ 10 കോടി നല്കണമെന്നായിരുന്നു ആവശ്യം. തന്റെ ആവശ്യം നിരാകരിച്ചാല്‍ രേവണ്ണയ്ക്കും അനൂപിനും സംവിധായകന്‍ ആര്‍. ചന്ദ്രുവിനും അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിയില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് രേവണ്ണ മഹാലക്ഷ്മി ലേഔട്ട് പോലീസില്‍ പരാതി നല്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.എസ്. മേഘരിക് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. രേവണ്ണയ്ക്കു പിന്നാലെ അനൂപിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.