ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കുന്നു
Thursday, May 26, 2016 9:05 AM IST
ആതന്‍സ്: ഗ്രീസും മാസിഡോണിയയും തമ്മിലുള്ള അതിര്‍ത്തിയിലെ ഇദോമെനി അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. ഒഴിപ്പിക്കലിനെതിരായ പ്രതിഷേധങ്ങള്‍ നേരിടുന്നതിനായി പ്രദേശത്ത് 400 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

മേഖലയിലേക്കുള്ള പ്രവേശനമാര്‍ഗം അധികൃതര്‍ പൂര്‍ണമായി തടസപ്പെടുത്തിയിരിക്കുകയാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പൊലീസ് ബലം പ്രയോഗിക്കില്ലെന്നും പത്തു ദിവസത്തിനകം നടപടികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 8,400 അഭയാര്‍ഥികളാണ് ഇവിടെ കഴിയുന്നത്. പണിപൂര്‍ത്തിയായ പുതിയ ക്യാമ്പിലേക്ക് അഭയാര്‍ഥികളെ പടിപടിയായി മാറ്റുമെന്നു പോലീസും സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരെ ക്യാംപില്‍ നിരോധിച്ചിരിക്കുകയാണ്. ഇദോമെനിക്ക് കിലോമീറ്ററുകള്‍ അപ്പുറമുള്ള ഹൈവേ ജംഗ്ഷനില്‍ പൊലീസ് റോഡ് തടഞ്ഞിരിക്കുകയാണ്്.

ബാള്‍ക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് യുദ്ധമേഖലകളില്‍നിന്നൊഴുകിയ 54,000 അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് സാമ്പത്തിക അസ്ഥിരത തുടരുന്ന ഗ്രീസില്‍ കുടുങ്ങിയത്. ഗ്രീസില്‍ അകപ്പെട്ടവരില്‍ ഭൂരിഭാഗംപേരും സിറിയ, ഇറാക്ക്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. തുര്‍ക്കി തീരത്തുനിന്നു 10 ലക്ഷത്തോളം പേരാണു ഗ്രീസ് വഴി കടന്നുപോയത്. ഈജിയന്‍ കടല്‍ കടന്ന് ഗ്രീസില്‍ എത്തുന്നവരുടെ ഒഴുക്ക് തടയുന്നതിനായി യൂറോപ്യന്‍ യൂനിയന്‍ മാര്‍ച്ചില്‍ തുര്‍ക്കിയുമായി കരാറിലത്തിെയിരുന്നു. ആറു വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഗ്രീസിലെ അഭയാര്‍ഥികേന്ദ്രങ്ങളിലേക്ക് അപേക്ഷ നല്‍കാനും പലരും തയാറല്ല. നിലവില്‍ രാജ്യത്തെ 24 ശതമാനത്തോളം പേര്‍ തൊഴില്‍രഹിതരാണ്.

പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നൂറോളം കുടുംബങ്ങളെ ഇദോമെനി ക്യാമ്പില്‍നിന്ന് ഒഴിയാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ് അധികാരികള്‍. അഭയാര്‍ഥികളെ ക്യാമ്പില്‍നിന്ന് ഒഴിപ്പിക്കുന്നതിനു മുന്നോടിയായുള്ള സംഘടിത ശ്രമങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചിരുന്നു. എട്ടു ബസുകളിലായി 400 പേരെ ഞായറാഴ്ച ക്യാമ്പില്‍നിന്നും ഒഴിപ്പിച്ചതായി പോലീസ് അറിയിച്ചു. ബാക്കിയുള്ളവരെ രാജ്യത്തെ പ്രധാന വടക്കന്‍ നഗരമായ തെസ്സലോനിക്കിയിലേക്കോ സമീപമുള്ള പോളികാസ്ട്രോയിലേക്കോ മാറ്റും.

ജോസ് കുമ്പിളുവേലില്‍