നീര ഠാണ്ടന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പോളിസി പാനലില്‍
Friday, May 27, 2016 8:12 AM IST
വാഷിംഗ്ടണ്‍: ദീര്‍ഘകാലമായി ഹില്ലരി ക്ളിന്റന്റെ സന്തത സഹചാരിയായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജ നീര ഠാണ്ടനെ ഡെമോക്രാറ്റിക് പാര്‍ട്ടി പോളിസി പാനലില്‍ നിയമിച്ചതായി ഡമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അധ്യക്ഷ ഡെബി വസര്‍മാന്‍ പ്രഖ്യാപിച്ചു.

പതിനഞ്ചംഗ കമ്മിറ്റിയിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധിയാണ് നാല്പത്തഞ്ചുകാരിയായ നീര. കോണ്‍ഗ്രസ് മാന്‍ എലൈജ കുമ്മിംഗ്സ് ആണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ നിരയില്‍ നില്‍ക്കുന്ന ഹില്ലരിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ക്കു രൂപം നല്‍കി നവംബറില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ ഉദ്ദേശ്യം.

2008ല്‍ ഹില്ലരിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പോളിസി ഡയറക്ടറായി നീരയെ നിയമിച്ചിരുന്നു. ഒബാമയുടെ ആരോഗ്യസുരക്ഷ പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നീര പ്രധാന പങ്കു വഹിച്ചിരുന്നു.

ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണു നീര. മാസ്സചുസെറ്റ്സിലെ ബെഡ് ഫോഡിലായിരുന്നു ജനനം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍