മൈസൂരു കൊട്ടാരത്തിലെ ഫോട്ടോഷൂട്ട്: അന്വേഷണത്തിന് ഉത്തരവ്
Monday, May 30, 2016 6:51 AM IST
മൈസൂരു: അംബാവിലാസ് കൊട്ടാരത്തില്‍ അതീവസുരക്ഷാ മേഖലയായ ദര്‍ബാര്‍ ഹാളില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനും ഭാര്യയും ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഡപ്യൂട്ടി കമ്മീഷണറും മൈസൂരു പാലസ് ബോര്‍ഡ് എക്സിക്യുട്ടീവ് ഡയറക്ടറുമായ സി. ശിഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലസ് എസ്പിക്കാണ് അന്വേഷണ ഉത്തരവ്. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു. ഫോട്ടോയെടുക്കാന്‍ സൌകര്യമൊരുക്കിയവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഒരു കന്നഡ ചാനലാണ് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കൊട്ടാരത്തിനുള്ളില്‍ ഡ്രോണ്‍ കാമറകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ ചിത്രീകരിച്ച 1.07 മിനിറ്റുള്ള വീഡിയോയും പുറത്തുവിട്ടു. ജനുവരിയിലാണ് കൊട്ടാരത്തില്‍ ഫോട്ടോഷൂട്ട് നടന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി.ജി. നന്ദകുമാറിന്റെ മകന്‍ ആദിത്യയും ഭാര്യയുമാണ് ദൃശ്യത്തിലുള്ളത്. സാധാരണ ദിനങ്ങളില്‍ ദര്‍ബാര്‍ ഹാളിലും വിവാഹമണ്ഡപത്തിലും ആരെയും പ്രവേശിപ്പിക്കാറില്ല. രാജകുടുംബാംഗങ്ങള്‍ പോലും പ്രത്യേക ദിവസങ്ങളില്‍ മാത്രമാണ് ഇതിനുള്ളില്‍ പ്രവേശിക്കുന്നത്. എന്നാല്‍, സുരക്ഷാ ജീവനക്കാരുടെയും അഥോറിറ്റിയുടെയും അനുവാദമില്ലാതെയാണ് ദമ്പതികള്‍ കൊട്ടാരത്തിനുള്ളില്‍ കടന്ന് ഫോട്ടോയെടുത്തതെന്ന് പ്രമോദ ദേവി വോഡയാര്‍ പറഞ്ഞു. അതേസമയം, സംഭവം വിവാദമായതോടെ ആരോപണം തള്ളി അധികൃതര്‍ രംഗത്തെത്തിയിരുന്നു. പാലസ് വെബ്സൈറ്റിലെ വീഡിയോ മോര്‍ഫ് ചെയ്താണെന്നാണ് അവര്‍ വിശദീകരണം നല്കിയത്. എന്നാല്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് തെളിഞ്ഞിട്ടുണ്ട്.