ഫെയ്മ അഖിലേന്ത്യാ യുവജനോത്സവം: കര്‍ണാടകയ്ക്കു കിരീടം
Wednesday, June 1, 2016 5:59 AM IST
ബംഗളൂരു: ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മറുനാടന്‍ മലയാളി അസോസിയേഷന്‍ വഡോദരയില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ യുവജനോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഫെയ്മ കര്‍ണാടക ടീം വിജയികളായി. സീനിയര്‍ വിഭാഗത്തില്‍ ബംഗളൂരുവില്‍ നിന്നുള്ള വി.കെ. ശ്രീദേവിയും ജൂണിയര്‍ വിഭാഗത്തില്‍ കീര്‍ത്തന ഹരികുമാറും കലാതിലകങ്ങളായി.

ബംഗളൂരുവില്‍ നിന്ന് അഖിലേന്ത്യാ സെക്രട്ടറി പി.ജി. ഡേവിഡ്, സംസ്ഥാന സെക്രട്ടറി സോമനാഥന്‍, കലോത്സവം കണ്‍വീനര്‍ റജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 65 അംഗസംഘമാണ് യുവജനോത്സവത്തിലും പ്രവാസി സംഗമത്തിലും പങ്കെടുത്തത്. ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യംചൊല്ലല്‍, മാപ്പിളപ്പാട്ട്, പെന്‍സില്‍ ഡ്രോയിംഗ്, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കൈകൊട്ടിക്കളി, ഒപ്പന, മാര്‍ഗംകളി എന്നീ ഇനങ്ങളില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുത്തു.

വഡോദരയില്‍ നടന്ന പ്രവാസിസംഗമം പൊതുസമ്മേളനത്തില്‍ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ വിജയികള്‍ക്ക് കേരളസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.

ഫെയ്മ അഖിലേന്ത്യാ പ്രസിഡന്റ് എം.പി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഭൂപേഷ് ബാബു, വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍, പ്രമോദ്, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളസമാജം ഐഎഎസ് അക്കാദമി മുഖ്യ രക്ഷാധികാരി ഗോപകുമാറിനെ ആദരിച്ചു. തുടര്‍ന്ന് രാഗേഷ് ബ്രഹ്മാനന്ദന്‍ നയിച്ച ഗാനമേളയും അരങ്ങേറി.

വിജയികള്‍ക്ക് ഫെയ്മ കര്‍ണാടകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കുമെന്ന് യുവജനോത്സവം ജനറല്‍ കണ്‍വീനര്‍ റജികുമാര്‍ അറിയിച്ചു.