പുസ്തകചര്‍ച്ച നടത്തി
Friday, June 3, 2016 4:06 AM IST
ബംഗളൂരു: ബംഗളൂരു മലയാളീ റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, എന്‍എഎസ് പെരിഞ്ഞനം രചിച്ച 'നവോത്ഥാനാശയങ്ങളും സമൂഹ വളര്‍ച്ചയും' എന്ന പുസ്തകം ചര്‍ച്ച ചെയ്തു. പുരോഗമനത്തിന്റെ പാത വിട്ട് ലോകം പുനരുത്ഥാനത്തിന്റെ വഴിയേ പോകുന്ന പുതിയ കാലത്ത് നവോത്ഥാന നന്മകളുടെ പഴയ വെളിച്ചം ഊതി തെളിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഗ്രന്ഥകാരന്‍ തന്‍റെ കൃതിയിലൂടെ നടത്തുന്നതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കാലിക പ്രസക്തിയുള്ള എട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

എഴുത്തുകാരനും നിരൂപകനുമായ ജെ.എം. ജയചന്ദ്രന്‍ നിരൂപണ പ്രബന്ധം അവതരിപ്പിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ടി.എ. കലിസ്റസ് അധ്യക്ഷത വഹിച്ചു. ടി.എം. ശ്രീധരന്‍ ചര്‍ച്ച ഉദ്ഘാടനവും എന്‍എഎസ് പെരിഞ്ഞനം മറുപടി പ്രസംഗവും നടത്തി.

എഴുത്തുകാരായ സുധാകരന്‍ രാമന്തളി, സി.പി. രാധാകൃഷ്ണന്‍, ഇന്ദിരാ ബാലന്‍, ആര്‍.വി. ആചാരി, രവികുമാര്‍ തിരുമല, കെ.ആര്‍. കിഷോര്‍, എം.ബി. മോഹന്‍ദാസ്, സി. ജേക്കബ്, പി.എ. രവീന്ദ്രന്‍, മോഹനന്‍ മണ്ണടി, പി.സി. വര്‍ഗീസ്, ഉഷാ ശര്‍മ, തങ്കമ്മ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.