മൈസൂരുവില്‍ മാമ്പഴദിനങ്ങള്‍
Saturday, June 4, 2016 3:36 AM IST
മൈസൂരു: നഗരത്തിന് മധുരദിനങ്ങള്‍ സമ്മാനിച്ച് വാര്‍ഷിക മാമ്പഴ മേള. മൈസൂരുവിലെ കഴ്സണ്‍ പാര്‍ക്കില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക മാമ്പഴ മേളയ്ക്ക് ജനത്തിരക്കേറുകയാണ്. ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള മേളയില്‍ വിവിധ തരം ചക്കകളും ഒരുക്കിയിട്ടുണ്ട്.

മൈസൂരു, ചാമരാജനഗര്‍, മാണ്ഡ്യ, രാമനഗര, ശിവമോഗ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള 50 കര്‍ഷകരാണ് മേളയ്ക്കു നേതൃത്വം നല്കുന്നത്. ഇടനിലക്കാരില്ലാതെ കര്‍ഷകരില്‍ നിന്നു നേരിട്ട് മാമ്പഴം വാങ്ങാമെന്നതാണ് മേളയുടെ പ്രത്യേകത. അല്‍ഫോണ്‍സോ, മല്‍ഗോവ, ബദാമി, കാലാപാഡ്, രാസ്പുരിസ മല്ലിക, തോട്ടാപുരി, സിറി, കേസാര്‍ തുടങ്ങിയ ഇനങ്ങളാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

വിവിധ ഇനങ്ങള്‍ക്ക് കിലോയ്ക്ക് 25 മുതല്‍ 75 രൂപ വരെയാണ് വില. മൈസൂരു, ചാമരാജനഗര്‍, ദൊഡ്ഡബല്ലാപുര്‍, രാമനഗര എന്നിവിടങ്ങളില്‍ നിന്നുള്ള ചക്കകളും മേളയില്‍ ഉണ്ട്. കിലോയ്ക്ക് 20 രൂപ മുതലാണ് ചക്കയുടെ വില. പ്ളാസ്റിക്കിനു നിരോധനമുള്ളതിനാല്‍ തുണിസഞ്ചികളും പേപ്പര്‍ ബാഗുകളുമാണ് ഉപഭോക്താക്കള്‍ക്കു നല്കുന്നത്.