മൂന്നാം ഘട്ടത്തിനൊരുങ്ങി നമ്മ മെട്രോ
Saturday, June 4, 2016 9:00 AM IST
ബംഗളൂരു: നമ്മ മെട്രോ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. കൂടുതല്‍ വിപുലമായി മൂന്നാം ഘട്ടത്തിനു തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടക്കുന്നത്. നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിന്റെ പ്രാരംഭപ്രവൃത്തികള്‍ തുടങ്ങിയിരുന്നു. കോറമംഗല, സര്‍ജാപുര്‍ റോഡ് എന്നിവ ഉള്‍പ്പെടുത്തി ഔട്ടര്‍ റിംഗ് റോഡിനു സമാന്തരമായാണ് മൂന്നാം ഘട്ടം നടത്തുന്നത്. 127 കിലോമീറ്റര്‍ നീളം വരുന്ന മൂന്നാം ഘട്ടത്തിന്റെ പാതനിര്‍ണയം ബിഎംആര്‍സി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൊസഹള്ളി മുതല്‍ ഔട്ടര്‍ റിംഗ് റോഡ് വരെയുള്ള 21.31 കിലോമീറ്ററും നൈസ് റോഡ് മുതല്‍ ടോള്‍ ഗേറ്റ് വരെ 8.89 കിലോമീറ്ററും സര്‍ജാപുര്‍ ലേഔട്ട് മുതല്‍ യെലഹങ്ക വരെ 33 കിലോമീറ്റര്‍ പാതയും മൂന്നാം ഘട്ടത്തിലുണ്ടാകും. ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ഡൊംലൂര്‍, സെന്‍ട്രല്‍ കോളജ്, മേഖ്രി സര്‍ക്കിള്‍, ഹെബ്ബാള്‍ എന്നിവിടങ്ങളിലൂടെയാകും മെട്രോ കടന്നുപോകുക.

നിലവില്‍ രണ്ടാംഘട്ടത്തിനുള്ള സ്ഥലമെടുപ്പ് നടന്നുവരികയാണ്. ഒന്നാം ഘട്ടത്തിലുള്‍പ്പെട്ട വടക്ക്, തെക്ക് പാത ഓഗസ്റ്റോടെ പൂര്‍ത്തിയാകും.