പ്രോജക്ട് വിഷന്‍ വെളിച്ചമായി: കാവേരിക്കും സുരേഷിനും ഇനി ഒരുവഴി
Tuesday, June 7, 2016 5:51 AM IST
ബംഗളൂരു: കാഴ്ചയെ കണ്ണുകളില്‍ നിന്നു മാറ്റിനിര്‍ത്തിയെങ്കിലും ഉള്‍ക്കണ്ണിന്റെ വെളിച്ചത്തില്‍ സുരേഷും കാവേരിയും പരസ്പരം കണ്ടു. ഹൃദയത്തിന്റെ വെളിച്ചത്തില്‍ ഇരുവരും സ്നേഹത്തില്‍ ഒന്നായി. അവരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം പകര്‍ന്നത് പ്രോജക്ട് വിഷനും. സുരേഷും കാവേരിയും പരസ്പരം വരണമാല്യം ചാര്‍ത്തിയപ്പോള്‍ യഥാര്‍ഥ സ്നേഹത്തിന് അന്ധത തടസമല്ലെന്ന് ഒരിക്കല്‍ കൂടി വെളിവാകുകയായിരുന്നു.

മാഗഡി റോഡിലെ സുമനഹള്ളി സൊസൈറ്റിയില്‍ മേയ് 29നു നടന്ന വിവാഹച്ചടങ്ങില്‍ വധൂവരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പ്രോജക്ട് വിഷനില്‍ നിന്നുള്ള അഭ്യുദയകാംക്ഷികളുമടക്കം നാനൂറോളം പേര്‍ പങ്കെടുത്തു. സ്വാതന്ത്യ്രസമര സേനാനി ദൊരൈസ്വാമി ദമ്പതികളെ അനുഗ്രഹിക്കാന്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. മരണശേഷം തന്റെ ശരീരം മുഴുവന്‍ പഠനത്തിനായി ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രം അദ്ദേഹം ചടങ്ങില്‍ പ്രോജക്ട് വിഷന് ഒപ്പിട്ടുനല്കി. പ്രോജക്ട് വിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനവും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കാഴ്ചവൈകല്യമുള്ളവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് വിഷന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദ്യ വിവാഹമായിരുന്നു ഇത്. ക്ഷണക്കത്ത് മുതല്‍ വിവാഹത്തിന്റെ ചെലവുകളെല്ലാം വഹിച്ചത് പ്രോജക്ട് വിഷന്‍ ആണ്.

എച്ച്ഡി കോട്ടെ സ്വദേശിയായ 28കാരനായ സുരേഷിന് ജന്മനാ കാഴ്ച നഷ്ടപ്പെട്ടതാണ്. തിമ്മനൈകയുടെയും നിഞ്ചമ്മയുടെയും ആറുമക്കളില്‍ ഒരാളാണ്. സുരേഷിന്റെ ഇളയ സഹോദരിയും മൂത്ത സഹോദരിയും കാഴ്ചയില്ലാത്തവരാണ്. 2006ല്‍ സുമനഹള്ളി സൊസൈറ്റിയിലെത്തിയ സുരേഷ് വസ്ത്രനിര്‍മാണം അഭ്യസിക്കുകയും പിന്നീട് പ്രീയൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോള്‍ ബിരുദപഠനം നടത്തുന്ന സുരേഷ് ഒരു സംഗീതജ്ഞന്‍ കൂടിയാണ്.

പ്രോജക്ട് വിഷന്റെ കാഴ്ചവൈകല്യമുള്ളവര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പിന്നീട് സുരേഷ് നിയോഗിക്കപ്പെട്ടു.

ഇരുപത്തഞ്ചുകാരിയായ കാവേരിയും ജന്മനാ അന്ധയാണ്. കാവേരിയുടെ മൂത്ത സഹോദരിക്കും ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടിരുന്നു. കാഴ്ചവൈകല്യമുള്ള രണ്ടു സഹോദരന്മാര്‍ കൂടി കാവേരിക്കുണ്ട്. ഒരു ഗായിക കൂടിയായ കാവേരിയെ സുരേഷുമായി അടുപ്പിച്ചതും സംഗീതമായിരുന്നു. ഒരു സ്റേജ് പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.