ഫോണ്‍ നഷ്ടപ്പെട്ടോ? പോലീസ് സ്റ്റേഷനില്‍ പോകണ്ട, ഒറ്റ ക്ളിക്കില്‍ പരാതി നല്കാം
Friday, June 10, 2016 5:05 AM IST
ബംഗളൂരു: മൊബൈല്‍ ഫോ ണ്‍ നഷ്ടമായാല്‍ ഇനി പോലീസ് സ്റ്റേഷന്റെ പടികയറുക പോ ലും വേണ്ട. ഇരിക്കുന്ന ഇരുപ്പില്‍ തന്നെ പരാതി നല്കാം. ഇതിനായി പുതിയ മൊബൈല്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ബംഗളൂരു സിറ്റി പോലീസ്. ഇ-ലോസ്റ്റ് എന്ന ആപ്പിലൂടെ പരാതിയും വിവരങ്ങളും നല്കാന്‍ കഴിയും. ഫോണ്‍ നഷ്ടപ്പെട്ടയുടന്‍ പോലീസിനു വിവരം ലഭിക്കാനും അന്വേഷണം ആരംഭിക്കാനും പുതിയ ആപ്ളിക്കേഷന്‍ സഹായിക്കുമെന്ന് പോലീസ് കമ്മീഷണര്‍ എന്‍.എസ്. മേഘരിക് പറഞ്ഞു. ഡല്‍ഹി പോലീസ് നേരത്തെ ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

മൊബൈല്‍ ഫോണിനെക്കൂടാതെ, ലാപ്ടോപ്പ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെട്ടാലും പരാതി നല്കാന്‍ ഈ ആപ്പ് മതിയാകും. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ലാപ്ടോപ്പ്, ടാബ്ലറ്റ് എന്നിവയിലൂടെ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാനാകും. ഈ ആപ്ളിക്കേഷന്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജില്‍ ആപ്പിന്റെ ലിങ്ക് ലഭ്യമാകും.

രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും ഇതുവഴി പരാതി നല്കാന്‍ സാധിക്കും. പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പരാതിക്കൊപ്പം നല്കണം. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ ഓഫീസിലേക്കു നേരിട്ട് പരാതി ലഭിക്കും. പരാതി സ്വീകരിച്ചാല്‍ ആ വിവരം ഇ-മെയില്‍ ആയി നല്കും. അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ആര്‍. ഹിതേന്ദ്ര, ഡപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 20 ജീവനക്കാരാണ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഈ മാസം പത്തിനകം മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് എന്‍.എസ്. മേഘരിക് അറിയിച്ചു. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം ആയിരത്തിലേറെ പരാതികള്‍ ബംഗളൂരുവിലെ ഓരോ സ്റേഷനിലും ലഭിക്കുന്നുണ്ട്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കേണ്ടതിനാല്‍ പലരും അതിനു മുതിരാറില്ല.

മോഷ്ടാക്കള്‍ ഇതു മുതലാക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പരാതി വിരല്‍ത്തുമ്പിലാക്കി സിറ്റി പോലീസ് പുതിയ സംവിധാനം ഒരുക്കുന്നത്.