ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് മൂക്കുകയര്‍: നിയമം 20 മുതല്‍
Saturday, June 11, 2016 7:39 AM IST
ബംഗളൂരു: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളെ നിയന്ത്രിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രിഗേറ്റേഴ്സ് നിയമം ഈമാസം 20 മുതല്‍ സര്‍ക്കാര്‍ നടപ്പാക്കും. പുതിയ ലൈസന്‍സ് എടുക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടികൂടാനാണ് തീരുമാനം.

നിയമം പാലിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്കിയിരുന്നെങ്കിലും ഓണ്‍ലൈന്‍ ടാക്സികള്‍ പലയിടങ്ങളിലും സര്‍വീസ് നടത്തിയിരുന്നു. നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ മുന്നൂറോളം വാഹനങ്ങള്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, അനാവശ്യമായി വാഹനങ്ങള്‍ പിടിച്ചെടുക്കുന്നുവെന്നാരോപിച്ച് ഒല, യൂബര്‍ ടാക്സി ഡ്രൈവര്‍മാര്‍ ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.