രാജ്യസഭ: നാലില്‍ മൂന്നു സീറ്റുമായി കോണ്‍ഗ്രസ്; അടിയൊഴുക്കില്‍ അടിതെറ്റി ജെഡി-എസ്
Monday, June 13, 2016 5:57 AM IST
ബംഗളൂരു: സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നു സീറ്റുമായി കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപി ഒരു സീറ്റ് നേടിയപ്പോള്‍ വിമതര്‍ ജെഡി-എസിന് തിരിച്ചടിയായി.

മുന്‍ കേന്ദ്രമന്ത്രിമാരായ ഓസ്കര്‍ ഫെര്‍ണാസ്, ജയറാം രമേശ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കെ.സി. രാമമൂര്‍ത്തി എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുകയറിയപ്പോള്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനാണ് ബിജെപിയില്‍ നിന്നു വിജയിച്ചത്. ജെഡി-എസിന്റെ സ്ഥാനാര്‍ഥിയായ വ്യവസായി ബി.എം. ഫറൂഖിന് പാര്‍ട്ടി അംഗങ്ങളൂടെ മുഴുവന്‍ വോട്ടു പോലും ലഭിച്ചില്ല.

സ്ഥാനാര്‍ഥിയായി വ്യവസായിയെ പരിഗണിച്ചതില്‍ പ്രതിഷേധിച്ച് വിമതര്‍ കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതാണ് ജെഡി-എസിനു തിരിച്ചടിയായത്. ജെഡി-എസിന്റെ എട്ടു വോട്ടുകളാണ് മറുപക്ഷത്തേക്ക് മറിഞ്ഞത്.

കോണ്‍ഗ്രസിന്റെ മൂന്നാം സീറ്റിനു വേണ്ടി മത്സരിച്ച രാമമൂര്‍ത്തിക്ക് 52 വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്രര്‍ക്കൊപ്പം ജെഡി-എസ് വിമതരുടെ കൂടി വോട്ട് നേടിയാണ് അദ്ദേഹം മികച്ച വിജയം നേടിയത്. നിര്‍മല സീതാരാമന്‍ 46 വോട്ടുകള്‍ നേടി. സംസ്ഥാനത്തെ ബിജെപിയുടെ അംഗബലം 44 ആണ്.

ഒരംഗത്തെ വിജയിപ്പിക്കുന്നതിന് 45 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നത്. 123 പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിന് രണ്ടു പേരുടെ ജയം സുനിശ്ചിതമായിരുന്നു.

ബാക്കിയുള്ള 33 വോട്ടുകള്‍ക്കൊപ്പം ജെഡി-എസ് വിമതരെയും സ്വന്തന്ത്ര അംഗങ്ങളെയും മനസില്‍ കണ്ടാണ് മൂന്നാം സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.

ജനതാദള്‍-എസിന് 40 അംഗങ്ങളാണുള്ളത്. എന്നാല്‍ അഞ്ചുപേരുടെ വിമതഭീഷണി കാരണം 35 പേരുടെ മാത്രം വോട്ടുകള്‍ ഉറപ്പിച്ച ജെഡി-എസ് സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണ തേടിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇന്നു നടക്കുന്ന ജെഡി-എസ് യോഗത്തില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച സമീര്‍ അഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിമത അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
പാര്‍ട്ടിയെ ബാധിച്ച കാന്‍സറെന്നാണ് വിമതരെ പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി വിശേഷിപ്പിച്ചത്.

സമീര്‍ അഹമ്മദ് ഖാന്‍, ചലുവരായ സ്വാമി, ഇഖ്ബാല്‍ അന്‍സാരി, ബാലകൃഷ്ണ, രമേഷ് ബന്ദിസിദ്ധെഗൌഡ, ഗോപാലയ്യ, ഭീമ നായക്, അഖാന്ദ ശ്രീനിവാസ് മൂര്‍ത്തി എന്നിവരാണ് വോട്ടു മറിച്ചതെന്ന് പാര്‍ട്ടി വക്താവ് രമേശ് ബാബു വെളിപ്പെടുത്തി.