പാചകവാതകം പൈപ്പ് വഴിയെത്തും; ആദ്യഘട്ടത്തില്‍ 3000 വീടുകള്‍
Wednesday, June 15, 2016 6:32 AM IST
ബംഗളൂരു: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) രണ്ടാഴ്ചയ്ക്കകം പൈപ്പ് വഴി പാചകവാതകം വീടുകളിലെത്തിക്കും. ആദ്യഘട്ടത്തില്‍ 3,000 വീടുകളിലാണ് പാചകവാതകം ലഭ്യമാക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.32 ലക്ഷം വീടുകളില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. 25 വര്‍ഷം കൊണ്ട് നഗരം മുഴുവന്‍ പദ്ധതി ലഭ്യമാക്കും. എച്ച്എസ്ആര്‍ ലേഔട്ട്, സിംഗസാന്ദ്ര, ബെല്ലന്ദുര്‍, ഡോളര്‍ കോളനി, മങ്കമ്മപാളയ എന്നിവിടങ്ങളിലെ വീടുകളില്‍ പാചകവാതകം എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ വീട്ടുകാരില്‍ നിന്ന് പൈപ്പ് ഗ്യാസ് ലഭിക്കാന്‍ ഗെയില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഴമശഹഴമ.രീാ ല്‍ ലോഗിന്‍ ചെയ്ത ശേഷം അപേക്ഷിക്കാം. അപേക്ഷ ലഭിച്ച് ഒരു ദിവസത്തിനുള്ളില്‍ പാചകവാതകം വീടുകളില്‍ എത്തും.

മൂന്നു വര്‍ഷം മുമ്പാണ് പൈപ്പ് ലൈന്‍ ജോലികള്‍ ആരംഭിച്ചത്. ഗ്യാസ് ശേഖരിക്കാന്‍ ആറു സ്ഥലങ്ങളില്‍ സ്റ്റേഷന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. സമ്മനഹള്ളി, മാഗഡി റോഡ് എന്നിവിടങ്ങളില്‍ രണ്ടു വീതം സ്റ്റേഷനുകളും പീനിയ ഹെന്നൂര്‍ എന്നിവിടങ്ങളില്‍ ഓരോന്നുമാണ് സ്ഥാപിച്ചിരിക്കുന്നത്. 25 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും 6,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സിലിണ്ടര്‍ പാചകവാതകത്തേക്കാള്‍ ചിലവു കുറവാണ് പൈപ്പ്ലൈന്‍ വാതകത്തിന്. മാത്രമല്ല, കൂടുതല്‍ സുരക്ഷിതവുമാണ്. വാതകച്ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും തീരെ കുറവാണ്.