മൈസൂരു വിമാനത്താവളം സംരക്ഷിക്കാന്‍ സര്‍ക്കാര്‍
Thursday, June 16, 2016 5:40 AM IST
മൈസൂരു: കനത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തിയ മൈസൂരു വിമാനത്താവളത്തെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുമായി മൈസൂരു വിമാനത്താവളത്തിനുള്ള ധാരണാപത്രം പുതുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതനുസരിച്ച് അടുത്ത അഞ്ചു വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. ഇതിനു പുറമേ മറ്റു പല ആനുകൂല്യങ്ങള്‍ നല്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.

സര്‍വീസുകള്‍ നിലച്ചതിനാല്‍ വിമാനത്താവളം വര്‍ഷങ്ങളായി കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2014-15 വര്‍ഷത്തില്‍ മാത്രം 10.43 കോടി രൂപയായിരുന്നു നഷ്ടം. യാത്രക്കാരില്ലാത്തതിനാല്‍ കിംഗ് ഫിഷര്‍, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ ഇവിടെനിന്നുള്ള സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഭീമമായ നഷ്ടം സഹിച്ച് വിമാനത്താവളത്തിന്റെ ചെലവുകള്‍ വഹിച്ചിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റി വിഷയത്തില്‍ ഇടപെടാന്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

റണ്‍വേയുടെ വലിപ്പക്കുറവ് അടക്കമുള്ള നിരവധി പ്രശ്നങ്ങള്‍ മൈസൂരു വിമാനത്താവളം നേരിടുന്നുണ്ട്. ഇതെല്ലാം പരിഹരിച്ച് പഴയതുപോലെ അന്താരാഷ്ട്ര വിമാനക്കമ്പനികളെ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വിമാനത്താവള അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.