മഴയെത്തി, പകര്‍ച്ചവ്യാധികളും പനിഭീതിയില്‍ നഗരം
Friday, June 17, 2016 7:08 AM IST
ബംഗളൂരു: കാലവര്‍ഷം എത്തിയതോടെ നഗരം പകര്‍ച്ചവ്യാധികളുടെ ഭീഷണിയിലായി. വിവിധ തരം പനികള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 68 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 52 പേര്‍ക്ക് വൈറല്‍ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

913 ഡെങ്കിപ്പനി കേസുകളാണ് സംസ്ഥാനത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 329 ചിക്കുന്‍ ഗുനിയ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 36 എണ്ണം ബംഗളൂരുവില്‍ മാത്രമാണ്.

സാധാരണ നിലയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഡെങ്കിപ്പനി രോഗം കണ്ടുതുടങ്ങുന്നത്. എന്നാല്‍ ഈവര്‍ഷം രോഗികളില്‍ ഡെങ്കിപ്പനിയുടെ ലക്ഷണം നേരത്തെ കണ്ടുതുടങ്ങിയിരുന്നു.

നഗരത്തിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതു മൂലം കൊതുകുകളുടെ എണ്ണം പെരുകുകയാണ്. കൊതുകു നിവാരണത്തിനായി കോര്‍പറേഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്െടങ്കിലും ഒന്നും ഫലപ്രദമായി നടക്കുന്നില്ലെന്നാണ് പരാതി.

ഡെങ്കി ലക്ഷണങ്ങളുമായെത്തുന്ന രോഗികളുടെ രക്തസാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള അത്യാധുനിക ലാബ് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ബിബിഎംപി തുടങ്ങിയിട്ടുണ്ട്. പകര്‍ച്ചപ്പനി സാധ്യത കണക്കിലെടുത്ത് കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് കോര്‍പറേഷന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്കിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍

വിട്ടുമാറാത്ത പനി, കഠിനമായ തലവേദന, കടുത്ത ശരീരവേദന, സന്ധിവേദന, കണ്ണിന്റെ പിന്‍ഭാഗത്ത് വേദന, ഛര്‍ദി, മലബന്ധം, ഉറക്കമില്ലായ്മ

പ്രതിരോധമാര്‍ഗങ്ങള്‍

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുക, വെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക, കൊതുകിന്റെ കടി ഏല്ക്കാതിരിക്കാന്‍ ശരീരം മൂടുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കണം, രണ്ടു ദിവസത്തില്‍ കൂടുതല്‍ പനി തുടര്‍ന്നാല്‍ ഡെങ്കിപ്പനിയാകാനുള്ള സാധ്യത കണക്കിലെടുത്ത് വിദഗ്ധ ചികിത്സ തേടണം.