വിദ്യാര്‍ഥികള്‍ നിര്‍മിച്ച നാനോ ഉപഗ്രഹങ്ങള്‍ 22നു ബഹിരാകാശത്തേക്ക്
Monday, June 20, 2016 6:13 AM IST
ചെന്നൈയിലും പൂനെയിലുമുള്ള രണ്ടു കോളജിലെ വിദ്യാര്‍ഥികള്‍ അക്ഷമരും അതിലേക്കാളേറെ ജിജ്ഞാസയോടെയുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ തള്ളി നീക്കുന്നത്. വിദ്യാര്‍ഥികളുടെ ശ്രമഫലമായി വികസിപ്പിച്ചെടുത്ത രണ്ടുചെറുഉപഗ്രഹങ്ങള്‍ ബുധനാഴ്ച ഇസ്രോയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് കുതിക്കും. 20 ഉപഗ്രഹങ്ങളുമായി റിക്കാര്‍ഡ് ദൌത്യത്തിനാണ് ഇസ്രോ ഒരുങ്ങുന്നത്. പൂനെ കോളജ് ഓഫ് എന്‍ജിനിയറിംഗിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച “'സ്വയം' എന്ന ചെറു ഉപഗ്രഹമാണ് ഇതിലൊന്ന്. 2008 മുതല്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ ഇതിന്റെ പരിശ്രമത്തിലായിരുന്നു. 50 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. ഉപഗ്രഹത്തിന്റെ ഭാരം ഒരു കിലോഗ്രാമില്‍ താഴെയും. ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കുകയാണ് “'സ്വയ'ത്തിന്റെ ധര്‍മം. 'സ്വയ'ത്തിനൊപ്പം ഇസ്രോ ഏറ്റെടുത്തിരിക്കുന്ന മറ്റൊരു ഉപഗ്രഹമാണ് 'സത്യഭാമ സാറ്റ്'. ചെന്നൈയിലെ സത്യഭാമ യൂണിവേഴ്സിറ്റിയാണ് ഇതിന്റെ നിര്‍മാണം.2009 മുതല്‍ അഞ്ചു ബാച്ചുകളില്‍നിന്നായി 40 വിദ്യാര്‍ഥികളാണ് 'സത്യഭാമ സാറ്റി'ന്റെ നിര്‍മാണ ദൌത്യത്തില്‍ പങ്കാളികളായത്. ഒന്നര കിലോഗ്രാമാണ് ഇതിന്റെ ഭാരം. ആറു മാസമാണ് ഈ ഉപഗ്രഹത്തിന്റെ പ്രവര്‍ത്ത കാലാവധി. ഭൂമിയുടെ കാന്തികാകര്‍ഷണ ബലത്തിലാണ് സ്വയം ബഹിരാകാശത്ത് നിലകൊള്ളുകയെന്ന് പൂനെ കോളജ് ഓഫ് എന്‍ജിനിയറിംഗ് ഡയറക്ടര്‍ ബി.ബി. അഹൂജ പറഞ്ഞു.