ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേട്: ഭരണഘടനാ കോടതി വിചാരണ ആരംഭിച്ചു
Wednesday, June 22, 2016 4:50 AM IST
വിയന്ന: ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 18 ജില്ലകളില്‍ നടന്നുവെന്നാരോപിക്കപ്പെടുന്ന വ്യാപക ക്രമക്കേടിനെതിരെ നല്‍കിയിട്ടുള്ള പരാതികള്‍ രാജ്യത്തെ ഭരണഘടനാ കോടതി പരിശോധിച്ച് തുടങ്ങി. തിങ്കളാഴ്ച മുതല്‍ നാലു ദിവസത്തെക്കാണ് 90 കേസുകള്‍ കോടതി തീര്‍പ്പാക്കുന്നത്. തിങ്കളാഴ്ച രാവിലെ 8.30-നു ആരംഭിച്ച വിചാരണ വ്യാഴാഴ്ച അവസാനിക്കും. മേയ് 22-നു നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അസാധുവാക്കണോ എന്നു വ്യാഴാഴ്ച കോടതി തീരുമാനിക്കും.

വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഫ്രീഡം പാര്‍ട്ടിയാണു കോടതിയിലെത്തിയത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ , ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അലക്സാണ്ടര്‍ ഫാന്‍ ഡെയര്‍ ബെല്ലന്‍ 22, 54 484 (50.3%) ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥി നോബേര്‍ട്ട് ഹോഫര്‍ 22 23 458 (49.7%) വോട്ടുമാണ് നേടിയത്.

ആദ്യ തെരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ടോടുകൂടി ഒന്നാം സ്ഥാനത്തെത്തിയ ഫ്രീഡം പാര്‍ട്ടി തെരഞ്ഞെടുപ്പ് പരാജയത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. പതിനാലംഗ ഭരണഘടനാ കോടതിയുടെ അധ്യക്ഷന്‍ ഗെഹാര്‍ട്ട് ഹോള്‍സിംഗറാണ്. കൂടാതെ വിചാരണ സമയത്ത് രണ്ടു സ്ഥാനാര്‍ഥികളുടെയും ഓരോ പ്രതിനിധികള്‍ വീതം കോടതിയില്‍ ഹാജരാകും.

വ്യാഴാഴ്ച വിചാരണ അവസാനിക്കുമെങ്കിലും വിധി പറയുവാന്‍ പിന്നെയും ഏതാനും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. 18 ജില്ലകളില്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പ് നടത്തണമോ , അതോ വീണ്ടും പോതുതെരെഞ്ഞെടുപ്പ് നടത്തണമോ എന്നുള്ളത് കോടതി പരിഗണിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍