രാജമാംഗല്യത്തിനൊരുങ്ങി മൈസൂരു; കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം
Wednesday, June 22, 2016 5:21 AM IST
മൈസൂരു: യുവരാജാവ് യദുവീര്‍ കൃഷ്ണദത്ത വൊഡയാറിന്റെ വിവാഹത്തിനായി മൈസൂരു രാജകൊട്ടാരം ഒരുങ്ങി. ഈമാസം 27ന് കൊട്ടാരത്തിലെ ദര്‍ബാര്‍ ഹാളിലെ വിവാഹമണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി 24 മുതല്‍ 29 വരെ കൊട്ടാരത്തിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹത്തിനു മുന്നോടിയായുള്ള പൂജകള്‍ 24ന് ആരംഭിക്കുന്നതിനാലാണ് അന്നുമുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ക്ഷണക്കത്ത് ലഭിച്ചവര്‍ക്കു മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

രാജസ്ഥാന്‍ ദുംഗാര്‍പുര്‍ രാജകുടുംബത്തിലെ തൃഷിക കുമാരിയാണ് വധു. ഇരുവരുടെയും വിവാഹം ഒരുവര്‍ഷം മുമ്പുതന്നെ തീരുമാനിച്ചിരുന്നു. പരമ്പരാഗതമായ രാജകീയ ചടങ്ങുകള്‍ അനുസരിച്ചായിരിക്കും വിവാഹം. 40 വര്‍ഷത്തിനു ശേഷമാണ് മൈസൂരു കൊട്ടാരത്തില്‍ വിവാഹം നടക്കുന്നത്. 1998ല്‍ പാലസ് ബോര്‍ഡ് കൊട്ടാരം ഏറ്റെടുത്തതിനു ശേഷം രാജകുടുംബത്തില്‍ നടക്കുന്ന് ആദ്യ വിവാഹമാണിത്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. രാജമാതാവ് പ്രമോദാ ദേവി മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബംഗളൂരുവിലെ ഔദ്യോഗിക വസതിയില്‍ ചെന്നുകണ്ട് ക്ഷണക്കത്ത് നല്കി. 35,000-ത്തോളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

മൈസൂരു രാജാവായിരുന്ന ശ്രീകണ്ഠദത്ത നരസിംഹ വൊഡയാര്‍ അന്തരിച്ചതോടെയാണ് യദുവീര്‍ യുവരാജാവായത്. നരസിംഹ വൊഡയാറിന് മക്കളില്ലായിരുന്നതിനാല്‍ സഹോദരീപുത്രനായ യദുവീറിനെ ദത്തെടുത്ത് പിന്‍ഗാമിയാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 28നാണ് യദുവീര്‍ യുവരാജാവായി അഭിഷിക്തനായത്.