മുഖ്യമന്ത്രിയുടെ വാച്ചില്‍ അന്വേഷണം
Thursday, June 23, 2016 4:55 AM IST
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആഡംബര വാച്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അഴിമതി നിരോധന ബ്യൂറോ (എസിബി) അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ കൈവശമുള്ള രത്നങ്ങള്‍ പതിച്ച ഹബ്ളോട്ട് വാച്ച് ദുബായ് മലയാളിയായ ഡോ. ഗിരീഷ് ചന്ദ്ര വര്‍മ സമ്മാനിച്ചതാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഗിരീഷ് ചന്ദ്ര വര്‍മയില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. അദ്ദേഹത്തെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെത്തിയപ്പോള്‍ താന്‍ സിദ്ധരാമയ്യയ്ക്കു സമ്മാനമായി വാച്ച് നല്കുകയായിരുന്നുവെന്ന് അറിയിച്ച് സത്യവാങ്മൂലവും അദ്ദേഹം എസിബി ഉദ്യോഗസ്ഥര്‍ക്കു നല്കി. മുഖ്യമന്ത്രിക്ക് ലക്ഷങ്ങള്‍ മതിപ്പുള്ള ആഡംബര വാച്ച് സമ്മാനിച്ചത് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും ജെഡി-എസും വലിയ വിവാദമായി ഉയര്‍ത്തിയിരുന്നു. ദേശീയ തലത്തില്‍ വരെ വിഷയം ചര്‍ച്ചയായി. ഈ സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ നടരാജ് ശര്‍മയാണ് എസിബിക്കു പരാതി നല്കിയത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച അഴിമതി വിരുദ്ധ ബ്യൂറോയ്ക്കു മുന്നിലെത്തുന്ന ആദ്യ പരാതിയാണിത്.