തണലും കാഴ്ചയുമൊരുക്കി മൈസൂരുവില്‍ വൃക്ഷോദ്യാനം
Thursday, June 23, 2016 4:56 AM IST
മൈസൂരു: വനംവകുപ്പിന്റെ നേതൃത്വത്തില്‍ മൈസൂരുവില്‍ വൃക്ഷോദ്യാനം ആരംഭിച്ചു. മൈസൂരു നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ യെല്‍വാലയ്ക്കു സമീപം വനംവകുപ്പിന്റെ അലോക കാംപസിലാണ് 530 ഏക്കറിലുള്ള ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ഉദ്യാനത്തിന്റെ ഉദ്ഘാടനം വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എം. പരമേശ്വര്‍ നിര്‍വഹിച്ചു.

വിവിധ ഇനങ്ങളിലുള്ള നൂറുകണക്കിനു മരങ്ങളാണ് ഇവിടെയുള്ളത്. സന്ദര്‍ശകര്‍ക്കായി പന്ത്രണ്േടാളം സാഹസിക വിനോദങ്ങളും ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ട്രക്കിംഗ്, പക്ഷിനിരീക്ഷണം, സൈക്കിള്‍ സവാരി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്.

വൃക്ഷോദ്യാനത്തിനായി 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. നിലവില്‍ ഉദ്യാനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൌജന്യമാണ്. എങ്കിലും ഭാവിയില്‍ പ്രവേശനഫീസ് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.