ദീപിക മലയാളികള്‍ക്കു മാര്‍ഗദീപം: മാര്‍ ആന്റണി കരിയില്‍
Thursday, June 23, 2016 5:00 AM IST
ബംഗളൂരു: കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ ദീപിക ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍ സിഎംഐ. പക്വതയാര്‍ന്നതും മൂല്യാധിഷ്ഠിതവുമായ പത്രപ്രവര്‍ത്തനത്തിലൂടെ മലയാളികള്‍ക്കു മാര്‍ഗദീപമാണ് ദീപികയെന്നും മാര്‍ ആന്റണി കരിയില്‍ പറഞ്ഞു.

ബംഗളൂരുവില്‍ ദീപികയുടെ നൂറ്റിമുപ്പതാം വാര്‍ഷികാഘോഷം ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കഴിഞ്ഞ 130 വര്‍ഷത്തെ കേരളചരിത്രത്തില്‍ നിര്‍ണായകമായ കാലഘട്ടങ്ങളിലെല്ലാം ദീപിക ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ മുതല്‍ അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ വരെ ഓരോ വിഷയങ്ങളിലും ദീപികയുടെ മുഖപ്രസംഗങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്.

കുടുംബങ്ങളില്‍ മാധ്യമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. വിശ്വാസ പരിശീലനത്തില്‍വരെ മാധ്യമങ്ങളുടെ സ്വാധീനം വലുതാണ്. ഇവിടെയാണ് ദീപികയുടെ പ്രസക്തി. ദീപിക സ്വന്തമാക്കാന്‍ എല്ലാ കുടുംബങ്ങളും മുന്നോട്ടുവരണമെന്നും മാര്‍ ആന്റണി കരിയില്‍ പറഞ്ഞു. ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. മാണ്ഡ്യ രൂപത വികാരി ജനറാള്‍ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ധര്‍മാരാം കോളജ് റെക്ടര്‍ റവ.ഡോ. തോമസ് ഐക്കര സിഎംഐ, ബംഗളൂരു എന്‍എസ്എസ് ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി, ബിബിഎംപി അസിസ്റന്റ് കമ്മീഷണര്‍ കെ. മത്തായി, മാണ്ഡ്യ രൂപത മാതൃവേദി പ്രസിഡന്റ് ആന്‍സി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.

ആഘോഷപരിപാടികളോടനുബന്ധിച്ച് വിവിധ രംഗങ്ങളില്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ച മഹത് വ്യക്തിത്വങ്ങളെ ആദരിച്ചു. പ്രവാസി വ്യവസായിയായ ജോണ്‍സന്‍ ടെക്നോളജി സിസ്റംസ് ഇന്‍കോര്‍പറേഷന്‍ -യുഎസ്എ സിഇഒ ജോ മീനാംകുന്നേല്‍, ബംഗളൂരുവിലെ ആകാശപ്പറവകളുടെ സംരക്ഷകരായ ഷാജു ഐ. തോമസ്-ഷിജു ഷാജു, ബംഗളൂരു കെഎംസിസി ജനറല്‍ സെക്രട്ടറി നൌഷാദ് എന്നിവരെയാണ് ആദരിച്ചത്. ആദരവ് ഏറ്റുവാങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. രാഷ്ട്രദീപിക കര്‍ണാടക റീജണല്‍ ഡയറക്ടര്‍ റവ.ഡോ. തോമസ് കല്ലുകളം സിഎംഐ സ്വാഗതവും റീജണല്‍ മാനേജര്‍ ജോസ് വേങ്ങത്തടം നന്ദിയും പറഞ്ഞു.