ഐടി കമ്പനികളിലേക്ക് ഷട്ടില്‍ സര്‍വീസുമായി കര്‍ണാടക ആര്‍ടിസി
Friday, June 24, 2016 5:15 AM IST
ബംഗളൂരു: വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക ആര്‍ടിസി ഐടി മേഖലയിലേക്കു സര്‍വീസ് വ്യാപിപ്പിക്കുന്നു. നഗരത്തിലെ വിവിധ സ്വകാര്യ കമ്പനികളിലേക്ക് ഷട്ടില്‍ സര്‍വീസ് നടത്താനാണ് ആര്‍ടിസി പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ ഐടി കമ്പനികളടക്കമുള്ള വയിലെ ജീവനക്കാര്‍ സ്വകാര്യ ബസുകളെയും മറ്റു സര്‍വീസുകളെയുമാണ് ആശ്രയിക്കുന്നത്. സ്വകാര്യബസുകളേക്കാള്‍ ലാഭകരം ആര്‍ടിസി ബസുകളായതിനാല്‍ കമ്പനി അധികൃതരും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

ചില കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ വീട്ടില്‍ നിന്നും ഓഫീസിലേക്കും തിരിച്ച് വീട്ടിലേക്കും കൊണ്ടുപോകാന്‍ കര്‍ണാടക ആര്‍ടിസിയോട് ആവശ്യപ്പെട്ടിട്ടുണ്െടന്ന് മാനേജിംഗ് ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ കറ്റാരിയ പറഞ്ഞു. കമ്പനികളുടെ അഭ്യര്‍ഥന മാനിച്ച് ന്യായമായ നിരക്കില്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കമ്പനികള്‍ കൂടുതല്‍ വിശ്വാസയോഗ്യമായാണ് കര്‍ണാടക ആര്‍ടിസിയെ കാണുന്നത്.

വരുംദിവസങ്ങളില്‍ സര്‍വീസിനു താത്പര്യമുള്ള കമ്പനികളുമായി കോര്‍പറേഷന്‍ കരാര്‍ ഒപ്പിടും. യാത്രക്കാരുടെ എണ്ണമനുസരിച്ച് കൂടുതല്‍ ബസുകള്‍ വാങ്ങുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെയും വൈകുന്നേരവുമായിരിക്കും സര്‍വീസ്.