വാഹനപ്പെരുപ്പത്തില്‍ ബംഗളൂരു രണ്ടാമത്
Friday, June 24, 2016 5:16 AM IST
ബംഗളൂരു: രാജ്യത്ത് വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പു മുട്ടുന്ന നഗരങ്ങളില്‍ രണ്ടാം സ്ഥാനം ബംഗളൂരുവിന്. 61 ലക്ഷം വാഹനങ്ങളാണ് നഗരത്തിലുള്ളത്. മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 88.3 ലക്ഷം വാഹനങ്ങളുമായി ഡല്‍ഹിയാണ് പട്ടികയില്‍ മുന്നില്‍. 44.7 ലക്ഷം വാഹനങ്ങളുമായി ചെന്നൈയും 38.6 ലക്ഷം വാഹനങ്ങളുമായി കോല്‍ക്കത്തയുമാണ് ബംഗളൂരുവിനു പിന്നില്‍. അതേസമയം മെട്രോ നഗരങ്ങളില്‍ ഏറ്റവും കുറവ് വാഹനങ്ങളുള്ളത് മുംബൈയിലാണ്. 27 ലക്ഷം വാഹനങ്ങളാണ് മുംബൈയിലുള്ളത്. അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും ഡല്‍ഹിക്കു പിന്നില്‍ രണ്ടാമതാണ് ബംഗളൂരു.

നഗരത്തിലെ വാഹനങ്ങളില്‍ 42 ലക്ഷം ഇരുചക്രവാഹനങ്ങളും 12 ലക്ഷം കാറുകളുമാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം നഗരത്തിലെ 11 ആര്‍ടി ഓഫീസുകളിലായി 3.78 ലക്ഷം ബൈക്കുകളും ഒരുലക്ഷം കാറുകളും പുതുതായി രജിസ്റര്‍ ചെയ്തതായാണ് കണക്ക്. 54 ലക്ഷം സ്വകാര്യവാഹനങ്ങളാണ് നഗരത്തില്‍ ഓടുന്നത്. നഗരത്തില്‍ ഓരോ വര്‍ഷവും നിരത്തിലിറങ്ങുന്നത് അഞ്ചുലക്ഷം വാഹനങ്ങളാണ്. ബംഗളൂരുവില്‍ ഓരോ വര്‍ഷവും ഓണ്‍ലൈന്‍ ടാക്സികളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24,000 കാബുകളാണ് നഗരത്തില്‍ രജിസ്റര്‍ ചെയ്തത്. നിലവില്‍ 1.08 ലക്ഷം ടാക്സികളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.