ബംഗളൂരിലെ ആദ്യ വനിതാ ടാക്സി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
Tuesday, June 28, 2016 5:30 AM IST
ബംഗളൂരു: ബംഗളൂരുവിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറായി വാര്‍ത്തകളില്‍ ഇടംനേടിയിട്ടുള്ള യൂബര്‍ ടാക്സി ഡ്രൈവര്‍ ഭാരതി വീരത്തിനെ(39) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭാരതി സ്വയം ജീവനൊടുക്കിയതാണെന്നാണു കരുതുന്നത്. ബംഗളൂരുവിലെ വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു ഭാരതി.

തിങ്കളാഴ്ച രാത്രി വീട്ടുടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പൊന്നും കിട്ടിയിട്ടില്ല. ഭാരതിയുടെ കാര്‍ വീടിനടുത്തുതന്നെയുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

ആന്ധ്രപ്രദേശില്‍ ജനിച്ച വീരത്ത് ഏകദേശം പത്തുവര്‍ഷം മുമ്പാണു ബംഗളൂരുവിലെത്തിയത്. ഭാരതി ശുഭാപ്തി ിശ്വാസമുള്ള വ്യക്തിയാണെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനവുമായിരുന്നെന്നു യുബര്‍ ടാക്സി അധികൃതര്‍ പറഞ്ഞു