'വിശ്വാസ നിറവ് 2016' സമാപിച്ചു
Thursday, June 30, 2016 8:08 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്ന രണ്ടു ദിവസത്തെ ക്രിസ്റീന്‍ ധ്യാനം ആധ്യാത്മിക വിശുദ്ധിയോടുകൂടി സമാപിച്ചു.

രണ്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള വിശ്വാസ പരിശീലന ക്ളാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്കുവേണ്ടി ഒരു ദിവസം താമസിച്ചു നടത്തിയ ധ്യാനം കുട്ടികള്‍ക്കു ആധ്യാത്മിക ഉണര്‍വു നല്‍കി.

കോട്ടയത്തെ ക്രിസ്റീന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. അനൂപും മേരിക്കുട്ടി ടീച്ചറുമായിരുന്നു ധ്യാനം നയിച്ചത്.

വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് വൈദഭയവും മാതാപിതാക്കളോടുള്ള കടപ്പാടും ഓര്‍മിച്ചാണ് ധ്യാനം തുടങ്ങിയത്. പാശ്ചാത്യ സംസ്കാരത്തില്‍ ജീവിക്കുമ്പോള്‍ മാതാപിതാക്കളും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാനും കുട്ടികളെ സ്നേഹത്തിലൂടെ കുടുംബങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നും ഫാ. അനൂപും മേരിക്കുട്ടി ടീച്ചറും മാതാപിതാക്കളെ ഓര്‍മിപ്പിച്ചു.

ചെറിയ ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന കെസിവൈഎല്‍ അംഗങ്ങളെ മേരിക്കുട്ടി ടീച്ചര്‍ അഭിനന്ദിച്ചു. തുടര്‍ന്നു ഫാ. അനൂപും കെസിവൈഎല്‍ അംഗങ്ങളും സംയുക്തമായി സ്കിറ്റ് അവതരിപ്പിച്ചു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കുമ്പുക്കല്‍ മതബോധന അധ്യാപകര്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ധ്യാനത്തിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. വിശ്വാസ നിറവ് 2016 വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ ഭക്ഷണം തയാറാക്കിയ അജു കാറ്ററിംഗ് സര്‍വീസിനും ഫാ. അനൂപും മേരിക്കുട്ടി ടീച്ചറും ഫാ. തോമസ് കൂമ്പുക്കലും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍