അണക്കെട്ടുകൾ നിറച്ച് മഴ
Monday, July 4, 2016 6:40 AM IST
ബംഗളൂരു: കേരളത്തിലും കർണാടകയിലും മഴ കനത്തതോടെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. സംസ്‌ഥാനത്തെ പ്രമുഖ നദികളായ കലി, തുംഗ, ഭദ്ര, കാവേരി, കൃഷ്ണ എന്നിവയിൽ വെള്ളം ഉയർന്നതോടെയാണ് അണക്കെട്ടുകളിലും ജലം നിറഞ്ഞത്. കബനി, ഹാരംഗി, ലിംഗനമക്കി, സുപ, വരാഹി, ഹേമാവതി, കെആർഎസ്, മാലപ്രഭ, അൽമാട്ടി, കൃഷ്ണ അണക്കെട്ടുകളിൽ ജലനിരപ്പ് വലിയ അളവിൽ ഉയർന്നു.

കേരള–കർണാടക അതിർത്തിയിലെ എച്ച്ഡി കോട്ടെയിലുള്ള കബനി അണക്കെട്ടിൽ ജലം നിറഞ്ഞതോടെ ഇവിടെ നിന്നുള്ള ജലവിതരണം പഴയപടിയായി. ബംഗളൂരു, മൈസൂരു, മാണ്ഡ്യ ജില്ലകളിലേക്ക് വെള്ളമെത്തിക്കുന്നത് കബനി അണക്കെട്ടിൽ നിന്നാണ്. കടുത്ത വരൾച്ചയെത്തുടർന്ന് ഇവിടെനിന്നുള്ള ജലവിതരണം നിർത്തിവച്ചിരുന്നു. അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശമായ വയനാട്ടിൽ മഴ കനത്തതാണ് ജലനിരപ്പുയരാൻ കാരണം. മൈസൂരുവിലെയും മാണ്ഡ്യയിലെയും കൃഷിയിടങ്ങളിൽ ജലമെത്തിക്കുന്നത് കബനിയിൽ നിന്നാണ്. കാവേരി നദിക്കു കുറുകെയുള്ള കൃഷ്ണരാജസാഗർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത് ബംഗളൂരുവടക്കം അഞ്ചു ജില്ലകൾക്ക് ആശ്വാസമായിട്ടുണ്ട്.