പുസ്തകവിവാദം: മലക്കംമറിഞ്ഞ് സിദ്ധരാമയ്യ
Monday, July 4, 2016 6:41 AM IST
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേട്ടങ്ങൾ വിവരിക്കുന്ന പുസ്തകം സംസ്‌ഥാനത്തെ സ്കൂൾ ലൈബ്രറികൾ വാങ്ങണമെന്ന ഉത്തരവ് വിവാദമായ സാഹചര്യത്തിൽ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി. ഉത്തരവിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. സർക്കാരിന്റെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

സിദ്ധരാമയ്യയുടെ ഭരണനേട്ടങ്ങളും വികസന പ്രവർത്തനങ്ങളും വിവരിക്കുന്ന പുസ്തകം സർക്കാർ അടുത്തിടെ പുറത്തിറക്കിയിരുന്നു. സർക്കാർ സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെയും ലൈബ്രറിയിൽ ഈ പുസ്തകം വാങ്ങി സൂക്ഷിക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതാണു പുതിയ വിവാദങ്ങൾക്കു വഴിവച്ചത്. സ്കൂളുകളിലെ ലൈബ്രറിയിൽ ചുരുങ്ങിയത് രണ്ടു പുസ്തകങ്ങളെങ്കിലും ഉണ്ടായിരിക്കണമെന്നും സർക്കുലറിൽ പറയുന്നു. 342 പേജുള്ള പുസ്തകത്തിന് 300 രൂപയാണ് വില.

പണ്ഡിതനായ സാ ഷി മരുലയ്യ എഴുതിയ ലേഖനങ്ങളാണു പുസ്തകത്തിലുള്ളത്. സിദ്ധരാമയ്യയുടെ നേട്ടങ്ങൾ, തത്ത്വശാസ്ത്രങ്ങൾ എന്നിവയെക്കുറിച്ചു വിവരിക്കുന്ന പുസ്തകം അദ്ദേഹത്തിന്റെ ലാളിത്യത്തെയും സത്യസന്ധതയെയും കുറിച്ചും പ്രതിപാദിക്കുന്നു. കർണാടക സാഹിത്യവേദികെ പ്രസിഡന്റ് തുമകുരു മഹാദേവയ്യയാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.