ബസവേശ്വര മേൽപ്പാലം: ബിഡിഎ ജനാഭിപ്രായം തേടി
Tuesday, July 5, 2016 4:02 AM IST
ബംഗളൂരു: നിർദിഷ്‌ട ബസവേശ്വര സർക്കിൾ– ഹെബ്ബാൾ ഉരുക്കുമേൽപ്പാലം പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ ബംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ജനാഭിപ്രായം തേടി.

ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച മുതൽ ജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ചുതുടങ്ങിയിരുന്നു. ജനങ്ങൾക്ക് 9845630131 എന്ന നമ്പരിൽ വിളിച്ചോ ലീഹമേ2*ഴാമശഹ.രീാ എന്ന ഇ–മെയിലിലോ അഭിപ്രായം അറിയിക്കാം. പാലത്തിനായി വിവിധ കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും എതിർപ്പുണ്ടായ സാഹചര്യത്തിൽ ആർക്കും കരാർ നല്കിയിട്ടില്ലെന്ന് ബിഡിഎ അറിയിച്ചു.

പദ്ധതിക്കു വേണ്ടി അഞ്ഞൂറോളം മരങ്ങൾ വെട്ടാനുള്ള ബിഡിഎയുടെ തീരുമാനത്തിനെതിരേ പരിസ്‌ഥിതിവാദികൾ രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ പേരിൽ മരങ്ങൾ വെട്ടിനശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പരിസ്‌ഥിതി സംഘടനകൾ അറിയിച്ചു.

പദ്ധതികൾക്കു വേണ്ടി മരങ്ങൾ മുറിക്കുന്നതിനു മുമ്പ് പൊതുജനാഭിപ്രായം ആരായണമെന്നും ട്രീ കമ്മിറ്റി രൂപീകരിക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മരങ്ങൾ വെട്ടിയാൽ അത് കോടതിയലക്ഷ്യമാകുമെന്നതിനാലാണ് പൊതുജനാഭിപ്രായം തേടാൻ ബിഡിഎ തീരുമാനിച്ചത്.

ബസവേശ്വര സർക്കിളിനെ ഹെബ്ബാൾ മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന 6.9 കിലോമീറ്റർ ഉരുക്കു മേൽപ്പാലത്തിനായാണ് അഞ്ഞൂറോളം മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്. മേൽപ്പാലം കടന്നുപോകുന്ന ബല്ലാരി റോഡ്, സാങ്കി റോഡ്, പാലസ് റോഡ്, മില്ലേഴ്സ് റോഡ് എന്നിവിടങ്ങളിലെ വർഷങ്ങൾ പഴക്കമുള്ള വലുതും ചെറുതുമായ മരങ്ങൾ ഇതിലുൾപ്പെടും.

മേൽപ്പാലത്തിനായി ബിഡിഎ തയാറാക്കിയ രൂപരേഖ മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ചതോടെയാണ് പദ്ധതിക്കു പച്ചക്കൊടിയായത്. 1350 കോടി രൂപയാണ് പദ്ധതിക്കു ചെലവ് പ്രതീക്ഷിക്കുന്നത്.

ബസവേശ്വര സർക്കിളിൽ നിന്നാരംഭിക്കുന്ന മേൽപ്പാലം പാലസ് റോഡ്, റേസ്കോഴ്സ് റോഡ്, വിധാന സൗധ, രാജ്ഭവൻ, മില്ലർ റോഡ് എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 55,000 ടൺ ഉരുക്ക് ഇതിനായി വേണ്ടിവരുമെന്നാണ് കരുതുന്നത്.