റംസാൻ: കേരള ആർടിസി സ്പെഷൽ സർവീസ് വേണമെന്ന് ആവശ്യം
Thursday, July 7, 2016 6:11 AM IST
ബംഗളൂരു: റംസാൻ തിരക്ക് പരിഗണിച്ച് നാട്ടിലേക്ക് കേരള ആർടിസി സ്പെഷൽ സർവീസ് പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു.റംസാന് സ്പെഷൽ ബസുകൾ ഓടിക്കുമെന്ന് ആർടിസി അറിയിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിട്ടില്ല. തിരക്കനുസരിച്ചു മാത്രമേ ബസുകൾ പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്. റംസാന് മലബാർ മേഖലയിലേക്കാണ് കൂടുതൽ തിരക്കനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഈ ഭാഗത്തേക്ക് കൂടുതൽ ബസുകൾ പ്രഖ്യാപിക്കാനാണ് സാധ്യത. റംസാനു ശേഷം കേരളത്തിൽ നിന്നു ബംഗളൂരുവിലേക്കും സ്പെഷൽ ബസുകളുണ്ടാകും. മുൻവർഷങ്ങളിലും ബംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് റംസാൻ സ്പെഷൽ ബസുകൾ സർവീസ് നടത്തിയിരുന്നു. റംസാൻ തിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസിയും സ്പെഷൽ ബസുകൾ ഓടിക്കാനാണ് സാധ്യത.

റംസാൻ പ്രമാണിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. ട്രെയിനിലും കേരള ആർടിസി ബസിലും ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരും. ഇതു മുതലെടുത്ത് സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്താനും സാധ്യതയുണ്ട്.