കർണാടക ആർടിസിയിൽ ശമ്പളവർധന
Thursday, July 7, 2016 6:11 AM IST
ബംഗളൂരു: കർണാടക ആർടിസിയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു.

കർണാടക ആർടിസി, ബിഎംടിസി കോർപറേഷനുകളിലെ ജീവനക്കാരുടെ ശമ്പളത്തിൽ എട്ടു ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ജനുവരി ഒന്നു മുതലാണ് ശമ്പളവർധനവ്. അടുത്ത മാസം മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നല്കും. രണ്ടു കോർപറേഷനുകളിലെയും ഒന്നരലക്ഷം ജീവനക്കാർക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്. ജീവനക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ചാണ് ഈ നടപടി.

കഴിഞ്ഞ നാലുവർഷമായി ജീവനക്കാർ ശമ്പള വർധനവ് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യമുന്നയിച്ച് ഇവർ സമരവും നടത്തിയിരുന്നു. എന്നാൽ കോർപറേഷൻ നഷ്‌ടത്തിലാണെന്ന കാരണം പറഞ്ഞ് വർധന നടപ്പാക്കിയിരുന്നില്ല. ഇപ്പോൾ കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിനു പിന്നാലെയാണ് കർണാടക ആർടിസി ജീവനക്കാരുടെയും വേതനവർധന ഏർപ്പെടുത്തിയത്. ശമ്പളവർധന നടപ്പാക്കിയാൽ ഈയിനത്തിൽ മാത്രം 1,131 കോടി രൂപ മാറ്റിവയ്ക്കേണ്ടിവരുമെന്ന് മന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു.

അതേസമയം, കാലാനുസൃതമായ വർധനയല്ല ഉണ്ടായതെന്നാണ് ജീവനക്കാരുടെ പക്ഷം. സർക്കാർ തീരുമാനം അശാസ്ത്രീയമാണെന്നും ജീവനക്കാർ പറഞ്ഞു.