കന്നഡനാടിന്റെ മാമ്പഴപ്പെരുമ കടൽകടക്കുന്നു
Friday, July 8, 2016 2:28 AM IST
ബംഗളൂരു: കന്നഡനാടിന്റെ സ്വന്തം മാമ്പഴപ്പെരുമ കടൽകടക്കുന്നു. സംസ്‌ഥാനത്തു നിന്ന് അമേരിക്കയിലേക്ക് മാമ്പഴം കയറ്റുമതി ചെയ്യാൻ ആരംഭിച്ചു. ഈവർഷം 1,200 ടൺ മാമ്പഴം കയറ്റി അയയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 80 ടൺ മാമ്പഴം വിമാനത്തിൽ അമേരിക്കയിലെത്തിച്ചു. അൽഫോൺസാ, കെസർ തുടങ്ങി വിവിധയിനം മാമ്പഴങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. ആദ്യമായാണ് അമേരിക്കയിലേക്ക് കർണാടക മാമ്പഴം അയയ്ക്കുന്നതെന്ന് മാംഗോ വികസന കോർപറേഷൻ ചെയർപേഴ്സൺ കമലാക്ഷി രാജണ്ണ അറിയിച്ചു. അമേരിക്കയിൽ നിന്നുള്ള വിദഗ്ധസംഘം അടുത്തിടെ കർണാടകയിലെ മാമ്പഴ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. മാമ്പഴങ്ങളുടെ നിലവാരം നേരിട്ടു ബോധ്യപ്പെട്ട സംഘം കയറ്റുമതിക്ക് അനുമതിയും നല്കിയിരുന്നു.

കർണാടകയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് നിലവിൽ മാമ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലും സിംഗപ്പൂരിലേക്കുമായി 5,000 ടൺ ഇതിനകം കയറ്റി അയച്ചിട്ടുണ്ടെന്ന് കോർപറേഷൻ അറിയിച്ചു. കോർപറേഷൻ ലാൽബാഗിൽ നടത്തിവരുന്ന മാമ്പഴമേള ഇത്തവണയും വൻ വിജയമായിരുന്നു.

കഴിഞ്ഞയാഴ്ച അവസാനിച്ച മേളയിൽ 1,050 ടൺ മാമ്പഴമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 850 ടൺ ആയിരുന്നു. 6.3 കോടി രൂപയുടെ റിക്കാർഡ് വരുമാനവും ഇത്തവണ ലഭിച്ചു. സമാനമായ രീതിയിൽ ഡൽഹിയിലും ഗോവയിലും മാമ്പഴമേള നടത്തുമെന്നും കമലാക്ഷി രാജണ്ണ അറിയിച്ചു.