പ്രധാനമന്ത്രി ആഫ്രിക്കയിൽ
Friday, July 8, 2016 3:26 AM IST
മാപുടോ(മൊസാംബിക്): പയറുവർഗങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയിൽ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി മൊസാംബിക്കിൽ നിന്ന് ഇന്ത്യ പയറുവർഗങ്ങൾ വാങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചതുർരാഷ്ട്ര ആഫ്രിക്കൻ സന്ദർശനത്തിനിടെ മൊസാംബിക്കുമായി ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യ ഒപ്പുവച്ചു.

അഞ്ചുദിവസം നീളുന്ന ആഫ്രിക്കൻ പര്യടനത്തിനായി ഇന്നലെയാണു പ്രധാനമന്ത്രി മോദി മൊസാംബിക് തലസ്‌ഥാനമായ മാപുടോയിലെത്തിയത്. യുവജനക്ഷേമം, മയക്കുമരുന്നുകളുടെ നിയന്ത്രണം എന്നിങ്ങനെ രണ്ടു കരാറുകളിൾക്കൂടി ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രധാനമന്ത്രി മോദിയുടെയും മൊസാംബിക് പ്രസിഡന്റ് ഫിലിപി ന്യൂസിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറിൽ ഒപ്പിട്ടത്. മൊസാംബിക്കിലെ പൊതുജനാരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനു ഒട്ടേറെ സഹായങ്ങൾ മൊസാംബിക്കിനു മോദി വാഗ്ദാനം ചെയ്തു. എയ്ഡ്സ് പ്രതിരോധ മരുന്ന് ഉൾപ്പെടെയാണിത്.

ലോകം ഇന്നഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി ഭീകരതയാണെന്നു തുടർന്നു നടത്തിയ സംയുക്‌തവാർത്താസമ്മേളനത്തിൽ മോദി പറഞ്ഞു. ഇന്ത്യക്കും മൊസാംബിക്കിനും ഇത് ഒരുപോലെ ബോധ്യമാണ്. ഇന്ത്യൻ മഹാസമുദ്രത്താൽ ബന്ധിതമാണ് ഇന്ത്യയും മൊസാംബിക്കും എന്നതിനാൽ വലിയ വ്യാപാരസാധ്യതയാണു നിലനിൽക്കുന്നത്. പ്രതിരോധ–സുരക്ഷാമേഖലകളിൽ കൂടുതൽ സഹകരിച്ചു പ്രവർത്തിക്കാൻ മൊസാംബിക് പ്രസിഡന്റുമായുള്ള ചർച്ചയിൽ ധാരണയായതായും മോദി പറഞ്ഞു.

35 വർഷത്തിനിടെ മൊസാംബിക്കിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നതതല വ്യാപാര–വ്യവസായ പ്രതിനിധികളും മോദിക്കൊപ്പമുണ്ട്. മൊസാംബിക്കിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്‌തമായി പിന്തുണനൽകിയ രാജ്യമാണ് ഇന്ത്യയെന്നത് മോദി അനുസ്മരിച്ചു. കോളനി വാഴ്ചക്കാലത്ത് ഇരുരാജ്യങ്ങളും നേരിട്ട ദുരിതങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും എടുത്തുപറയേണ്ടതാണെന്നും മൊസാംബിക് ദേശീയ അസംബ്ലി സന്ദർശിക്കവേ അദ്ദേഹം പ്രസ്താവിച്ചു.

ഇന്നു പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെത്തും. ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കും. സമുദ്രസുരക്ഷ, നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിയാകും ചർച്ചകൾ.