ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Saturday, July 9, 2016 5:18 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലാ രാമപുരം മേതിരി അരയത്തിൻകരയിൽ എ.ടി.ജോസിന്റെ (ഔസേപ്പച്ചൻ) മകൻ സോണി(30)യാണ് മരിച്ചത്. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ അൽഫോൺസ് പരിക്കുകളോടെ രക്ഷപെട്ടു. തെക്കൻ ഓസ്ട്രേലിയയിലെ പഴയ സ്റ്റുർട്ട് ദേശീയപാതയിൽ ബർമീരയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോണി സംഭവ സ്‌ഥലത്തു തന്നെ മരിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

എംഎസ്ഡബ്ലു ബിരുദധാരിയായ ദമ്പതികൾ നോർത്ത് ഹാം ചൈൽഡ് വെൽഫെയർ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ അൽഫോൺസിനെ മെൽബണിലേക്ക് യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം. മൂന്ന് വർഷം മുൻപായിരുന്ന ഇവരുടെ വിവാഹം. മക്കളില്ല.

രണ്ട് മാസം മുൻപ് ഇരുവരും നാട്ടിൽ വന്നിരുന്നു. ഭാര്യ അൽഫോൺസ് പാലാ പൈക ഗണപതിപ്ലാക്കൽ മാമച്ചന്റെ മകളാണ്. യുകെ മലയാളിയായ സോജൻ ജോസ്, രാമപുരം നെല്ലോലപ്പൊയ്കയിൽ ബിനോയുടെ ഭാര്യ റാണി എന്നിവർ സോണിയുടെ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നടക്കും.